വിശ്വാസമാണ് മനുഷ്യജീവിതത്തിന്റെ കേന്ദ്രബിന്ദു. ജീവനെ സംരക്ഷിച്ച് പ്രതിസന്ധികളിലൂടെ നയിക്കുന്നത് വിശ്വാസമാണ്. നമ്മില്‍ അന്തര്‍ലീനമായ ശക്തികളെ, ധൈര്യത്തെ ഉണര്‍ത്താന്‍ വിശ്വാസത്തോളം ശക്തമായ മറ്റൊന്നില്ല. വിശ്വാസമെന്നാല്‍ ദൈവസംരക്ഷണം സദാ സര്‍വദാ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന ഉത്തമബോധ്യമാണ്. ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ ഈ ബോധം നമ്മെ സഹായിക്കുന്നു.
അവനവനിലുള്ള വിശ്വാസം, ലോകത്തോടുള്ള വിശ്വാസം, ദൈവവിശ്വാസം ഇതെല്ലാം പരസ്പരബന്ധിതമാണ്. ശക്തിസംചയനത്തിന് ഇവ മൂന്നും അത്യാവശ്യമാണ്. പാശ്ചാത്യ-പൗരസ്ത്യ രാജ്യങ്ങളില്‍ വിശ്വാസത്തെച്ചൊല്ലിയുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. പാശ്ചാത്യര്‍ ആദ്യം വിശ്വസിക്കുന്നു, പിന്നെ അനുഭവിക്കുന്നു. ഇതിന് വിപരീതമായി പൗരസ്ത്യര്‍ അനുഭവിച്ചറിഞ്ഞശേഷം മാത്രം വിശ്വസിക്കുന്നു.
കൊയ്ത്തുകാലത്ത് കൃഷിക്കാരന്‍ നെല്ലും പതിരും വേര്‍തിരിക്കാന്‍ അരിപ്പ ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെ? ഉയര്‍ന്ന പ്ലാറ്റ്ഫോമില്‍നിന്നുകൊണ്ട് അയാള്‍ അരിപ്പയിലേക്ക് ധാന്യം ചൊരിയുന്നു. അരിപ്പ ചലിപ്പിക്കുമ്പോള്‍ നെല്ല് താഴേക്ക് വീഴുകയും പതിര് കാറ്റത്ത് പറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടുകയാണെങ്കില്‍ നിങ്ങളും ഈ കാണുന്ന പതിരുപോലെയാണെന്ന് പറയേണ്ടിവരും. ദൈവം നിങ്ങളില്‍നിന്ന് അചഞ്ചലമായ വിശ്വാസം മാത്രമാണ് പ്രതീക്ഷിക്കുന്നത്. തടസ്സങ്ങളുടെ മുമ്പില്‍ പതര്‍ച്ച സംഭവിച്ചാല്‍ അവയിലൂടെ പുഞ്ചിരിച്ച് മുന്നേറാന്‍ കഴിയുകയില്ല. വിശ്വാസക്കുറവുകൊണ്ട് സംഭവങ്ങള്‍ നിങ്ങളില്‍ ഭയം ജനിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ പതിവുപോലെ പറന്നുപോകുന്നു. നേരെമറിച്ച് എല്ലാം നല്ലതിനാണെന്ന വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ സ്ഥിരത കൈവരിക്കും. എല്ലാം അനുകൂലമാകും.
വിശ്വാസം യുക്തിക്കെതിരാണെന്ന വാദം ശരിയല്ല. ജ്ഞാനം ജീവിതത്തില്‍ അലിഞ്ഞുചേരുമ്പോള്‍ അത് വിശ്വാസമായിത്തീരുന്നു. ഞാന്‍ അനുഗൃഹീതനാണെന്ന ജ്ഞാനം ഉള്‍ക്കൊള്ളുക, ദൈവത്തില്‍ വിശ്വസിക്കുക.
ഞാന്‍ അനുഗൃഹീതനാണെന്ന ചിന്ത എല്ലാ തടസ്സങ്ങളില്‍നിന്നും മുക്തിനല്‍കുന്നു. പുരുഷന്റെ വിജയത്തിന്റെ പിന്നിലെ ശക്തി സ്ത്രീയാണെന്നൊരു പഴഞ്ചൊല്ലുണ്ട്. ഞാനതിനെ മറ്റൊരു രീതിയില്‍ പരിഷ്കരിക്കുന്നു. നമ്മുടെ ഓരോ വിജയത്തിന്റെ പിന്നിലും “ഞ്ഞാന്‍ നിന്നോടൊപ്പമുണ്ട്” എന്നുദ്ഘോഷിക്കുന്ന ദൈവീകശക്തിയാണ്. ഈ ബോധം ഉണര്‍ത്താന്‍ കഴിഞ്ഞാല്‍ പരാതികളും സുരക്ഷിതത്വമില്ലായ്മയും അപ്രത്യക്ഷമാകും. നിങ്ങളുടെ ജീവിതത്തിന് വിശ്വാസത്തിന്റെ ഊന്നുവടിയുണ്ടെങ്കില്‍ ലോകത്തില്‍ സന്തുലനത്തോടെ ജീവിക്കാം. വിശ്വാസം പ്രാര്‍ത്ഥനയിലേക്ക് നയിക്കുന്നു. പ്രാര്‍ത്ഥന ജീവിതത്തെ സമ്പുഷ്ടമാക്കിത്തീര്‍ക്കുന്നു. രണ്ട് സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ രണ്ടും ഒന്നുചേര്‍ന്ന സാഹചര്യങ്ങളിലാണ് നാം പ്രാര്‍ത്ഥിക്കുന്നത്. നമ്മള്‍ കൃതജ്ഞതാനിര്‍ഭരരാകുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. അല്ലെങ്കില്‍ പരമമായ നിസ്സഹായാവസ്ഥയില്‍ പ്രാര്‍ത്ഥിക്കുന്നു. എങ്ങനെയായാലും നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടും. നിങ്ങള്‍ കൃതജ്ഞത അനുഭവിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ മനസ്സ് പ്രാര്‍ത്ഥനാപൂരിതമാകുന്നില്ലെങ്കില്‍ നിങ്ങള്‍ ദുഃഖിതരാണ് എന്നാണര്‍ത്ഥം.
നമ്മുടെ സ്നേഹവും വിശ്വാസവും ആഴത്തിലുള്ളതാകണം. ജീവിതം ഒരു ആഘോഷമാണ്, അതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. പ്രപഞ്ചം വൈരുദ്ധ്യാത്മകമാണ്. എന്നാല്‍ ജീവിതത്തിലെ എല്ലാ തുറകളിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ഉദാഹരണമായി മനുഷ്യശരീരത്തിന് ജലദോഷവും പനിയും ബാധിച്ചേക്കാം. പക്ഷെ, അടുത്ത ക്ഷണത്തില്‍ ശരീരം സ്വസ്ഥത നേടുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നത് നിങ്ങള്‍ നിങ്ങളുടെ ചൈതന്യത്തില്‍ ലയിച്ചിരിക്കുമ്പോഴാണ്. നിബന്ധനകളില്ലാത്ത ഈ ആനന്ദം ആഴത്തിലുള്ള സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും മാത്രമേ നേടാന്‍ കഴിയൂ. ഹിന്ദുമതത്തില്‍ പറയപ്പെടുന്ന ‘പുരുഷാര്‍ത്ഥം’ ഇതാണ്.
വിശ്വാസം ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. “ഞ്ഞാന്‍ ഒന്നിലും വിശ്വസിക്കുന്നില്ല” എന്നുപറയുന്നവര്‍ക്കുപോലും സ്വന്തം വാക്കുകളില്‍ വിശ്വസിക്കേണ്ടിവരും. വിശ്വാസം എന്നിലാണെന്നുള്ളതാണ് പ്രശ്നം. നിരീശ്വരവാദിക്ക് അയാളുടെ കാഴ്ചപ്പാടിലുള്ള വസ്തുക്കളില്‍ വിശ്വാസം വളരെ പ്രകടമാണ്. എന്നാല്‍ ജനങ്ങളിലുള്ള അയാളുടെ വിശ്വാസത്തിന് എപ്പോഴും ഇളക്കം സംഭവിക്കും. എന്നിരുന്നാലും പ്രപഞ്ചത്തിലെ അദൃശ്യശക്തിയിലുള്ള അയാളുടെ വിശ്വാസം അസ്പഷ്ടവുമാണ്. പക്ഷെ, പ്രപഞ്ചത്തിന്റെ അദൃശ്യശക്തിയിലുള്ള ‘വിശ്വാസി’യുടെ വിശ്വാസം സുദൃഢമാണ്. ജനങ്ങളിലുള്ള അയാളുടെ വിശ്വാസം അപ്രസക്തമാണ്, വസ്തുക്കള്‍ അയാളെ അലട്ടുന്നേയില്ല.
ഭൗതിക ലോകത്തില്‍ വിശ്വാസത്തിന്റെ ശക്തികൂടുതല്‍ പ്രകടമാണ്. വിശ്വാസം ആത്മഹത്യാപ്രവണതയെ അതിജീവിക്കാന്‍ സഹായിക്കുന്നു. വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം പ്രതികാരത്തിനും വെറുപ്പിനുമടിമയാകാതെ തത്വചിന്തയിലേക്ക് തിരിയുന്നു. എല്ലാം നല്ലതിലേക്കെന്ന വിശ്വാസമുണ്ടെങ്കില്‍ എല്ലാം ശാന്തമായിനടക്കുന്നു.
നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ക്ക് ലഭിക്കുന്നു ഇതാണ് വിശ്വാസം. ദൈവത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കലാണ് വിശ്വാസം. പലരും സേവകരാകാന്‍ ആഗ്രഹിക്കുന്നു. സേവകരെ വാര്‍ത്തെടുക്കുമ്പോള്‍ നാം എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? സേവകന്‍ എന്ന നിലയ്ക്ക് എന്റെ വളര്‍ച്ചയ്ക്കും ജ്ഞാനപ്രചരണത്തിനുംവേണ്ടി ഞാനെന്തു ചെയ്യണം? സേവനം ചെയ്യുന്നതിന് പകരമായി കല്ലേറ് കിട്ടിയാലും സ്വീകരിക്കാന്‍ തയ്യാറാവുകയാണ് സേവകന്റെ ധര്‍മം. ആരെങ്കിലും നിങ്ങളോട് കോപിക്കുകയോ ശപിക്കുകയോ ചെയ്താല്‍ നിങ്ങള്‍ ദുഃഖിക്കരുത്, മറ്റുള്ളവരെ ദുഃഖിപ്പിക്കുകയുമരുത്.സേവനത്തിന് പകരമായി ഒന്നും പ്രതീക്ഷിക്കരുത്, നന്ദിവാക്കുപോലും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനമായിരിക്കും ശരിയായ ആനന്ദം നല്‍കുക. സേവനത്തിന് പകരമായി പ്രശംസയോ നന്ദിയോ പ്രതീക്ഷിക്കുക സേവനത്തിന്റെ ഗുണമേന്മ കുറയ്ക്കും.
സേവനത്തിനൊപ്പം സാധനയും ചെയ്യണം. ഒന്നില്ലാതെ മറ്റൊന്നിന് നിലനില്‍പ്പില്ല. സാധനയിലൂടെ സേവനം ചെയ്യാനുള്ള ശക്തിയാര്‍ജ്ജിക്കുന്നു. സേവനം സാധനയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. രണ്ടിനും പ്രാമുഖ്യമുണ്ടെങ്കിലും സാധനയ്ക്ക് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. സാധനയ്ക്ക് സമയം കണ്ടെത്തണം, ലഭ്യമായ സമയത്തെ വേണ്ടുംവണ്ണം കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാന്‍ കഴിയണം. പ്രവൃത്തികള്‍ക്ക് അന്തമില്ല, പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പ്രവൃത്തികളുടെ മധ്യത്തിലും നിശ്ചിതസമയം സാധന ചെയ്യണം.
സാധന ചെയ്തില്ലെങ്കില്‍ ഭക്ഷണം കഴിക്കുകയില്ലെന്ന അച്ചടക്കം സ്വയം സ്വീകരിക്കുക. സാധനയെ ദിനചര്യയായി മാറ്റിയെടുക്കുക. സാധന ചെയ്യുമ്പോള്‍ ധ്യാനം കൂടുതല്‍ ചെയ്യാം എന്ന് സ്വയം ചില നിയമങ്ങള്‍ അവനവനുവേണ്ടി ഉണ്ടാക്കിയെടുക്കുക. ഇതിലൂടെ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ സാധിക്കുന്നു.
സേവകന് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയണം. സേവനം ചെയ്യുന്നതിനെച്ചൊല്ലി അഹങ്കരിക്കരുത്. മറ്റുള്ളവരോട് ദ്വേഷ്യം കാണിക്കരുത്. ദേഷ്യത്തിലൂടെയോ അഹങ്കാരത്തിലൂടെയോ മറ്റുള്ളവര്‍ക്ക് പ്രയോജനം നല്‍കാന്‍ കഴിയുകയില്ല. സേവകന്റെ പെരുമാറ്റം, വാക്കുകള്‍ പ്രവൃത്തികള്‍ എല്ലാം മറ്റുള്ളവര്‍ക്ക് പ്രചോദനാത്മകമായിരിക്കണം. സേവകന്‍ സ്വയം പ്രവൃത്തിക്കുന്നതോടൊപ്പം വിശ്വാസപൂര്‍വം മറ്റുള്ളവര്‍ക്ക് ചുമതലകള്‍ ഏല്‍പിച്ചുകൊടുക്കണം. പലരും സ്വീകരിക്കാത്ത ഒരു കാര്യമാണിത്. അവര്‍ സ്വയം എല്ലാം ചെയ്യുന്നു. നിങ്ങള്‍ സ്വയം എല്ലാം ചെയ്താല്‍, എല്ലാം നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ വിജയം നേടാന്‍ കഴിയുകയില്ല. കുതിരസവാരി ചെയ്യുമ്പോള്‍ കുതിരയുടെ കടിഞ്ഞാണ്‍ കൂടുതല്‍ വലിച്ചുമുറുക്കാനോ കൂടുതല്‍ അയക്കാനോ പാടില്ല. നിങ്ങള്‍ ചുമതലകള്‍ ഏറ്റെടുക്കണം, മറ്റുള്ളവര്‍ക്ക് ചുമതലകള്‍ നല്‍കണം. ഇത് സേവകന്‍ നിര്‍വഹിക്കേണ്ട മുഖ്യ കാര്യമാണ്.
kadapadu janmabhumidaily
ശ്രീ ശ്രീ രവിശങ്കര്‍







