മതം മനുഷ്യനെ മയക്കുന്ന കറുപ്പ് പണ്ടെന്നോ എഴുതി വച്ചത്. അതൊക്കെ മറന്നേക്കൂ. ഇടക്കാലത്ത് സിപിഎം വിശ്വാസികളോട് പറഞ്ഞത് അതാണ്. മത-ഈശ്വരവിശ്വാസികള്‍ക്കായി പാര്‍ട്ടിയുടെ വാതിലുകള്‍ പതുക്കെ തുറന്നു വയ്ക്കുകയും ചെയ്തു. കാറ്റും വെളിച്ചവും അകത്തു കടന്നു. അകത്തേക്കു കടന്ന അതിനെക്കാള്‍ പുറത്തേക്കിറങ്ങാനാണ് തുറന്നു വച്ച വാതില്‍ ഉപകരിച്ചത്. അകത്തേക്കു കടന്നുവന്നവര്‍ കുഴിയാനകളാണെങ്കില്‍ പുറത്തു പോയിക്കൊണ്ടിരിക്കുന്നത് കാച്ചാംകുറിശ്ശി കേശവനെ പോലെ തലയെടുപ്പുള്ള കൊമ്പനാനകളാണ്. പാര്‍ട്ടി വിട്ടാലും പാര്‍ലമെന്റു വിടില്ലെന്നു വാശി പിടിച്ച സോമനാഥ ചാറ്റര്‍ജി ചില്ലറക്കാരനൊന്നുമായിരുന്നില്ലല്ലോ! അദ്ദേഹമാകട്ടെ ജ്യോതിബസുവിന്റെ വലംകൈ എന്നാണവകാശപ്പെട്ടിരുന്നത്. സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍ വേണ്ട എന്ന് തന്നെ ഉപദേശിച്ചത് ജ്യോതിബസുവാണെന്നു പറയാന്‍ ചാറ്റര്‍ജിക്ക് ജ്യോതിബസു മരിക്കും വരെ കാത്തിരിക്കേണ്ടി വന്നു എന്നതേ മോശമായുള്ളൂ. പാര്‍ലമെന്റംഗമായിരുന്ന പാട്യം ഗോപാലനും ചാത്തുണ്ണി മാസ്റ്ററും വി.വിശ്വനാഥമേനോനും ടി.ജെ.ആഞ്ചലോസും കൂടു മാറിയെങ്കിലും നിറം മാറിയിട്ടില്ല. ആഞ്ചലോസിന് ഇടതു വിട്ടത് നഷ്ടമല്ലെന്ന് വലതില്‍ ഇടം ലഭിച്ചതോടെ തോന്നിയിരിക്കണം. ‘കടാപ്പുറത്ത് മീന്‍ പെറുക്കിയിരുന്ന ചെറുക്കനെന്ന്’ അധിക്ഷേപിക്കപ്പെട്ട ആഞ്ചലോസിന് സിപിഐയില്‍ ഇന്ന് കനകം പെറുക്കാന്‍ പറ്റുന്ന പദവി തന്നെ ലഭിച്ചു. എന്നാല്‍ അബ്ദുള്ളക്കുട്ടിയും കെ.എസ്.മനോജും ശിവരാമനും ചെയ്യുന്നതാണ് കൗതുകമുളവാക്കുന്നത്.
മൂവരും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ തറപറ്റിച്ചാണ് സിപിഎം എംപിമാരായത്. പാര്‍ലമെന്റിലിരിക്കുമ്പോള്‍ അവര്‍ പാര്‍ട്ടിയിലെ മുക്കുപണ്ടങ്ങളാണെന്ന് ആര്‍ക്കും തോന്നുമായിരുന്നില്ല. ലീവെടുക്കുമ്പോഴും ലെവി കൊടുക്കുമ്പോഴും പാര്‍ട്ടി ചിട്ടയോട് അച്ചട്ടമായിരുന്നു. വീണ്ടും ടിക്കറ്റു കിട്ടില്ലെന്നുറപ്പായപ്പോഴാണ് മട്ടും മാതിരിയും മാറാന്‍ തുടങ്ങിയത്. പാര്‍ട്ടിയുടെ മനോഭാവവും മതവും പറഞ്ഞ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചെന്നപ്പോള്‍ കിട്ടിയ അംഗീകാരം അബ്ദുള്ളക്കുട്ടിയെ പോലും അദ്ഭുതപ്പെടുത്തിയതാണ്. “ഈ ബുദ്ധിയെന്താടാ നമുക്കാദ്യം തോന്നാത്തതെന്ന ചോദ്യത്തിന് ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ” എന്ന സിനിമാ ഡയലോഗു പോലെയായിരുന്നു മനോജ് കുരുശിങ്കലിന്റെ രാജി. അബ്ദുള്ളക്കുട്ടിയുടെ വഴിയേ മനോജും നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. അബ്ദുള്ളക്കുട്ടി കണ്ണൂര്‍ക്കാരന്‍ കെ.സുധാകരനെയാണ് ബോധ്യപ്പെട്ടതെങ്കില്‍ മനോജ് സ്വന്തം ജില്ലക്കാരനായ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ ബലത്തിലാണ് കോണ്‍ഗ്രസ്സിലേക്ക് കാലെടുത്തു വയ്ക്കാന്‍ പോകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മനോജ് ആലപ്പുഴ ജില്ലയൊന്ന് ഇളക്കി മറിക്കുമെന്നാണ് കോണ്‍ഗ്രസ്സുകാരുടെ പ്രതീക്ഷ. അബ്ദുള്ളക്കുട്ടിയും മനോജും നെല്ലുണക്കുമ്പോള്‍ ശിവരാമനെന്തിനാ വാലുണക്കുന്നത്? ശിവരാമനും ഒന്നുറപ്പിച്ചത്രെ. പാര്‍ട്ടി കോണ്‍ഗ്രസ് മതി. ഗ്രൂപ്പു പോരും നേതാക്കളുടെ തന്‍പെരുമയും കണ്ടും കൊണ്ടും കേട്ടും മനംമടുത്താണല്ലോ സിപിഎം വിട്ടത്. അക്കരപ്പച്ച എന്ന അവസ്ഥയിലാണിവര്‍. വറചട്ടിയില്‍ നിന്നും എരിതീയിലാണല്ലോ ചാടിയതെന്ന് തോന്നാന്‍ ഇവര്‍ക്കെത്ര കാലം കാത്തിരിക്കേണ്ടി വരും! കോണ്‍ഗ്രസ്സിന്റെ വാതില്‍ക്കല്‍ പ്രവേശനവും കാത്തിരിപ്പുറപ്പിച്ച കെ.മുരളീധരനോടു ചോദിച്ചാല്‍ വ്യക്തമായ വിവരം ലഭിച്ചേക്കും.
ഇപ്പറഞ്ഞത് സിപിഎം വിട്ടത് അബദ്ധമായിപ്പോയെന്ന ധാരണ സൃഷ്ടിക്കാനൊന്നുമല്ല. വിശ്വാസം അതല്ലേ എല്ലാം. വിശ്വാസമുള്ളവര്‍ക്ക് വിശ്വസിച്ചിരിക്കാന്‍ പറ്റിയ പാര്‍ട്ടിയല്ല സിപിഎമ്മെന്ന് എത്രയോ പേര്‍ക്ക് ഒട്ടേറെ തവണ ബോധ്യപ്പെട്ടതല്ലേ. എപ്പോഴാണ് വിശ്വാസികള്‍ കൊള്ളാത്തവരാണെന്ന് പറയുകയെന്നാര്‍ക്കും അറിയില്ല. തങ്ങള്‍ വിശ്വാസികള്‍ക്കെതിരല്ലെന്നും ആവര്‍ത്തിക്കുന്ന പാര്‍ട്ടി അയിഷാ പോറ്റിക്കും എം.എം.മോനായിക്കും താക്കീതു നല്‍കിയതെന്തിനായിരുന്നു? തങ്ങളുടെ വിശ്വാസമനുസരിച്ച് ദൈവനാമത്തില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ജനപ്രതിനിധികളായ പാര്‍ട്ടി അംഗങ്ങള്‍ മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ ദൈവവിശ്വാസം വച്ചു പുലര്‍ത്തുകയോ ചെയ്യരുതെന്നേയുള്ളൂ. അല്ലാതെ പാര്‍ട്ടിക്കാര്‍ക്കതു പാടില്ലെന്ന് തീരുമാനമൊന്നുമില്ലത്രെ! എന്താണിതിന്റെ അര്‍ഥം? പാര്‍ട്ടി പദവിയോ പാര്‍ലമെന്ററി പദവിയോ ലഭിക്കണമെങ്കില്‍ എല്ലാ കുരിശും വലിച്ചെറിയണം. എന്നാലതങ്ങ് പരസ്യമായി പറയുമോ, അതില്ല താനും. പറഞ്ഞാല്‍ പണി തീര്‍ന്നു. ഭൗതികവാദമാണ് മഹത്തരം. മേറ്റ്ല്ലാം മഹാമോശത്തരമെന്ന് ആവര്‍ത്തിക്കുന്ന പാര്‍ട്ടി ആചാര്യന്മാരുടെ വീട്ടില്‍ പോലും ഭൗതികവാദം വളര്‍ത്താനായിട്ടില്ല. ഇഎംഎസ്സിന്റെ സഹധര്‍മിണി ആര്യാ അന്തര്‍ജനം തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ നിത്യസന്ദര്‍ശകയായിരുന്നതും നമ്പൂതിരിപ്പാടിന്റെ ചിതാഭസ്മം കന്യാകുമാരിയിലൊഴുക്കിയതും ഇ.കെ.നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ പതിവായി ക്ഷേത്രദര്‍ശനം നടത്തുന്നതുമൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ ഇതൊക്കെ തികച്ചും വ്യക്തിപരമെന്ന് പറഞ്ഞൊഴിയാന്‍ നേതാക്കള്‍ക്ക് ഏറെ സാമര്‍ഥ്യമാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ ഭാര്യ കാടാമ്പുഴയില്‍ പൂമൂടല്‍ നേര്‍ച്ച നടത്തിയത് വിവാദമായപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതാണ്. അത് പാര്‍ട്ടി ബ്രാഞ്ചിനെ കൊണ്ടന്വേഷിപ്പിച്ച് തൃപ്തി അടഞ്ഞു എന്നാണിപ്പോള്‍ അറിയുന്നത്.
കല്യാശ്ശേരി കമ്മ്യൂണിസ്റ്റുകോട്ടയാണ്. ചെങ്കൊടിയല്ലാതെ മറ്റൊന്നും വച്ചു പൊറുപ്പിക്കില്ല. ചെങ്കൊടി പിടിച്ചാലും ചൊല്‍പടിക്കു നില്‍ക്കാത്തവരെ വച്ചു പൊറുപ്പിക്കില്ല. എം.വി.രാഘവന്റെ വീടു പോലും തരിപ്പണമാക്കിയത് മറക്കാറായിട്ടില്ലല്ലോ. അവിടെ മണിക്കുളങ്ങര പൊയ്യില്‍ ഭഗവതി ക്ഷേത്രമുണ്ട്. അവിടെ അടുത്തിടെ തെയ്യം നടന്നത് വലിയ വാര്‍ത്തയായി. 75 വര്‍ഷം മുമ്പാണ് ഈ തെയ്യം കെട്ടിയാടിച്ചിരുന്നത്. ഭഗവതിയുടെ തിരുരൂപം ഒരുക്കാനും തൊഴുതുവണങ്ങാനും അനുഗ്രഹം സ്വീകരിക്കാനും എത്ര ഭയഭക്തി ബഹുമാനത്തോടെയാണ് ജനപ്രതിനിധികളടക്കം പെരുമാറിയത്. ഉത്തര കേരളത്തിലെ തെയ്യം കെട്ടുന്നവരും കെട്ടിക്കുന്നവരും ബഹുഭൂരിപക്ഷവും സഖാക്കളാണെന്ന് പറഞ്ഞറിയിക്കേണ്ടതല്ല. മതം വേണ്ട, മതാനുഷ്ഠാനം വേണ്ടാ പാര്‍ട്ടിക്ക്. ആഡംബരമാകാമോ? അംബരചുംബികളായ കെട്ടിടമാകാമോ, നക്ഷത്ര ഹോട്ടലുകളും വിസ്മയപ്പാര്‍ക്കുകളുമാകാമോ? ആകാമെന്നാണ് പ്രവര്‍ത്തനം തെളിയിക്കുന്നത്.
മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് സിപിഎം ഭരണഘടന പോലും പറയുന്നില്ലെന്നാണ് എം.വി.രാഘവന്‍ വാദിക്കുന്നത് (മലയാള മണ്ണ്-ജനുവരി 11). ഭാരതത്തിലെ സാഹചര്യത്തില്‍ മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം സ്വീകരിക്കുന്നത് ശരിയല്ല. മതവിശ്വാസികള്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. മനഃസാക്ഷിയെ വഞ്ചിച്ചാണോ ഇനിയവര്‍ പാര്‍ട്ടിയില്‍ തുടരേണ്ടത്? ഭൂരിപക്ഷം പേരും രഹസ്യമായി മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ട്. ഇത് ആത്മവഞ്ചനയാണോ? ഈ പുതിയ സിദ്ധാന്തം സിപിഎമ്മിന് എവിടെ നിന്നു കിട്ടിയെന്നാണ് മനസ്സിലാകാത്തത്.
സിപിഎമ്മിന്റെ ഭരണഘടന പരിശോധിച്ചാല്‍ തന്നെ മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നു പറയുന്നില്ല. പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്ത കാര്യമാണ് തെറ്റു തിരുത്തല്‍ രേഖയായി കൊണ്ടു വന്നിട്ടുള്ളത്. ആ തെറ്റു തിരുത്തല്‍ രേഖയില്‍ തന്നെയാണ് പാര്‍ട്ടി നേതാക്കള്‍ സ്വത്തു സമ്പാദിക്കുന്നതിനെയും താമസിക്കാന്‍ വന്‍മാളികകള്‍ കെട്ടിപ്പടുക്കുന്നതിനെയും അതു പോലുള്ള മറ്റു കാര്യങ്ങളെയും വിലക്കുന്നത്. ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ രേഖയിലാണ് അഴിമതിയും മറ്റു കൊള്ളരുതായ്മകളും നടത്തുന്നതു പോലൊരു കാര്യമാണ് പാര്‍ട്ടി ഭാരവാഹികള്‍ക്കും പാര്‍ട്ടി ജനപ്രതിനിധികള്‍ക്കും ദൈവവിശ്വാസം പാടില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളത്. സാധാരണഗതിയില്‍ പാര്‍ട്ടി അംഗീകരിക്കുന്ന നയം ദൈവത്തില്‍ വിശ്വസിക്കുന്ന ആള്‍ക്ക് വിശ്വസിക്കാനും വിശ്വാസമില്ലാത്തവര്‍ക്ക് വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട് എന്നതാണ്. ഭരണഘടനയില്‍ ഇല്ലെങ്കിലും പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രചരിപ്പിച്ചുപോന്നതും അതാണ്.
ഇപ്പോള്‍ മതാനുഷ്ഠാനവും പാര്‍ട്ടി വിരുദ്ധമെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതുകൊണ്ടാണ് മനോജ് പറയുന്നത് മതാനുഷ്ഠാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന തനിക്ക് മതാനുഷ്ഠാനങ്ങള്‍ നടത്തുന്നില്ലെന്ന് കള്ളം പറയാന്‍ കഴിയില്ല. അതുകൊണ്ട് താന്‍ രാജിവയ്ക്കുന്നുവെന്ന്. ഇങ്ങനെ വന്നാല്‍ സിപിഎമ്മിന്റെ എത്ര ജനപ്രതിനിധികളെ പുറത്താക്കേണ്ടിവരും. പാര്‍ലമെന്റിലും നിയമസഭയിലുമുള്ള ജനപ്രതിനിധികളാണ് ഏറെയും. ലോക്കല്‍ ബോഡി കൂടി കണക്കിലെടുത്താല്‍ ഒരു വലിയ വിഭാഗം സിപിഎം പ്രവര്‍ത്തകന്മാര്‍ മതാനുഷ്ഠാനം നടത്തുന്നതായി കാണാന്‍ കഴിയും. ഇവരെയെല്ലാം പുറത്താക്കുമോ? മനോജിനെ തന്നെ വി.എം. സുധീരനെതിരായി ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് മതവിശ്വാസികളുടെ വോട്ടുകൂടി നേടാന്‍ വേണ്ടിയായിരുന്നില്ലേ? കത്തോലിക്ക വോട്ടര്‍മാരെയും അതുപോലുള്ളവരെയും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനല്ലേ.
മതാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ പാടില്ല എന്നു പറയുന്ന പാര്‍ട്ടി മദനിയുടെ കാര്യത്തില്‍ എന്താണ് ചെയ്തത്? മദനിയുടെ പടം വച്ച് വോട്ട് പിടിച്ചില്ലേ ? ഇ.എം.എസ് ആണെങ്കില്‍ മദനിയെ വ്യാഖ്യാനിച്ചത് മഹാത്മാഗാന്ധിയും മദനിയും ഒരുപോലെ എന്നാണ്. അതാണ് പിബി തിരുത്തിയത്. തിരുത്തിയാലും ഒന്നും
kadapadu janmabhumidaily
കെ. കുഞ്ഞിക്കണ്ണന്‍







