ജമാഅത്തിന്റെ സ്ത്രീശാക്തീകരണം

Posted on 07 February 2010 by admin

ഇക്കഴിഞ്ഞ ജനുവരി 24ന്‌ കേരള ജമാഅത്തെ ഇസ്ലാമിയുടെ വനിതാവിംഗ്‌ കുറ്റിപ്പുറത്ത്‌ സംഘടിപ്പിച്ച സംസ്ഥാന വനിതാ സമ്മേളനത്തില്‍ നൂറുകണക്കിന്‌ പര്‍ദ്ദയണിഞ്ഞ പ്രവര്‍ത്തകരാണ്‌ പങ്കെടുത്തത്‌. ഈ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി മുഷ്ടിചുരുട്ടി മാര്‍ച്ചുചെയ്യുന്ന ഒരു ഛായാചിത്രം കൂടി പ്രബോധനം വാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. സ്ത്രീകളുടെ സൗന്ദര്യം അന്യപുരുഷന്മാര്‍ കാണാതിരിക്കാനാണ്‌ ഒറിജിനല്‍ സ്ത്രീകളുടെ ഫോട്ടോകളൊന്നും സാധാരണ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ കൊടുക്കാറില്ല. സിനിമാ പരസ്യം മുഖേന കിട്ടുന്ന ഭീമമായ സംഖ്യപോലും അവര്‍ ഉപേക്ഷിക്കുന്നത്‌ അതുകൊണ്ടാണ്‌. മാധ്യമം, തേജസ്‌, സിറാജ്‌, വര്‍ത്തമാനം തുടങ്ങിയ ദിനപത്രങ്ങള്‍തന്നെ അതിനുള്ള തെളിവാണ്‌. ഈ വനിതാ സമ്മേളനമാകട്ടെ പര്‍ദ്ദ ധരിച്ചവരുടെ ഭര്‍ത്താക്കന്മാര്‍ സംഘടിപ്പിച്ച പര്‍ദ്ദയണിഞ്ഞവരുടെ സമ്മേളനമായതും അതുകൊണ്ടാണ്‌. സ്ത്രീകള്‍ സംഘടിക്കുന്നതും സ്ത്രീകള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതും മുസ്ലീം ഭൂരിപക്ഷ വിഭാഗമായ സുന്നികളാരും ഇതുവരെ തുനിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ്‌ അക്കാരണത്തെക്കുറിച്ച്‌ പ്രബോധനം വാരിക ചര്‍ച്ച ചെയ്യുന്നത്‌. (16.1.2010 ലക്കം).

“പുരുഷന്മാരുടെ മാത്രമായ സമ്മേളനത്തിന്‌ ഖുര്‍ആനിലോ ഹദീസിലോ ഇസ്ലാമിക ചരിത്രത്തിലോ പിന്‍ബലമുണ്ടോ? ജുമുഅയും ഹജ്ജുമൊക്കെ മാതൃകയാക്കാമെങ്കില്‍ അവയിലൊക്കെ സ്ത്രീകളും പങ്കെടുക്കുന്നുണ്ട്‌. (സുന്നികള്‍ സ്ത്രീകള്‍ക്ക്‌ പള്ളിപ്രവേശനം അനുവദിക്കുന്നില്ല) കാലോചിതമായ രീതികള്‍ തെരഞ്ഞെടുക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുണ്ട്‌. എന്നല്ല, പുരോഗമനപരമായ മാര്‍ഗങ്ങളാണ്‌ ഇസ്ലാമിന്റെ പ്രചാരണത്തിനും ബോധവല്‍ക്കരണത്തിനും അവലംബിക്കേണ്ടത്‌. അനിസ്ലാമിക സംസ്ക്കാരവുമായുള്ള പോരാട്ടത്തില്‍ പരാജയപ്പെടാതെ ഇസ്ലാമിക മര്യാദകളും പരിധികളും മാനിച്ചുകൊണ്ട്‌ കാലോചിതമായ പ്രചരണങ്ങളും തന്ത്രങ്ങളും ഇസ്ലാമിന്ന്‌ സ്വീകരിക്കാം. ഇസ്ലാം പിന്തിരിപ്പന്‍, യാഥാസ്ഥിതിക മതമാണെന്നും (അത്‌ സംശയമില്ലാത്ത കാര്യം തന്നെയല്ലേ) അത്‌ സ്ത്രീകളെ പുരുഷന്മാരുടെ അടിമകളും ഉപഭോഗവസ്തുക്കളുമാക്കിവെച്ച്‌ ചൂഷണം ചെയ്യുന്നുണ്ടെന്ന്‌ പ്രചരിപ്പിക്കുന്ന ആശയപ്രചരണത്തെ തകര്‍ക്കുകയാണ്‌ ജമാഅത്തിന്റെ ലക്ഷ്യം. അടുത്ത്‌ നടക്കാന്‍പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്‌. അപ്പോള്‍ സ്വാഭാവികമായും വനിതാ സംവരണ സീറ്റുകളിലും മത്സരിക്കും. സംഘടനയ്ക്ക്‌ ശക്തിയുള്ളിടത്തൊക്കെ ജമാഅത്ത്‌ മത്സരിക്കും. അതില്‍ സ്ത്രീകളുമുണ്ടാകും. അതിന്‌ ശക്തി പകരാനാണ്‌ ഈ സമ്മേളനം.”

സുന്നിവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭാര്യമാരെ ഇങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനവര്‍ സമ്മതിക്കാറില്ല. അതുകൊണ്ട്‌ ജമാഅത്തിന്റെ കാഴ്ചപ്പാട്‌ പുരോഗമനപരം തന്നെയാണെന്ന്‌ വ്യക്തമാക്കുന്ന വാക്കുകള്‍കൂടി നോക്കുക.
“സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ അവരെ അജ്ഞതയുടേയും അന്ധവിശ്വാസങ്ങളുടേയും ഇരുണ്ട മുള്‍മുറികളിലടച്ചിട്ടവര്‍ക്കെതിരെ സ്ത്രീപക്ഷത്തുനിന്നുള്ള പടഹധ്വനിയാണ്‌ ഈ വനിതാ സമ്മേളനം.”
ഈ വാചകമടിയൊക്കെ കണ്ടാല്‍ ഇവരെപോലെ പുരോഗമനവാദികള്‍ വേറെയില്ലെന്നുവരെ തോന്നും. ആശയതലത്തില്‍ പുരോഗമനത്തിന്റെ മുഖമണിഞ്ഞ്മതമൗലികവാദം അനുയായികളില്‍ അടിച്ചേല്‍പ്പിക്കാനാണിവര്‍ ശ്രമിച്ചുവരുന്നത്‌. അതല്ലെങ്കില്‍ അവരുടെ ലക്ഷ്യത്തില്‍ സ്ത്രീ-പുരുഷ സമത്വം അനുവദിക്കണമെന്നോ ബഹുഭാര്യത്വം നിരോധിക്കണമെന്നോ ഇതുവരെ ആവശ്യപ്പെട്ടുകണ്ടിട്ടില്ല. സുന്നി വിഭാഗം സ്ത്രീകളെ സംഘടിപ്പിക്കാന്‍വരെ തയ്യാറാകാത്ത അവസരത്തില്‍ ജമാഅത്ത്‌ അതിന്‌ തയ്യാറായി എന്ന ഒരു ‘പുരോഗമന’ മുഖം മാത്രമേ അവര്‍ക്കുള്ളൂ. ആശയതലത്തില്‍ സുന്നികളെക്കാള്‍ തീവ്രവാദമുഖമാണ്‌ അവര്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്‌. ഇസ്ലാമിലേക്ക്‌ അന്യസമുദായത്തെ ആകര്‍ഷിപ്പിക്കാനും അങ്ങനെ പടിപടിയായി അമുസ്ലീങ്ങളെയെല്ലാം ഇസ്ലാമിന്റെ വക്താക്കളാക്കി മാറ്റാനുള്ള ഗൂഢലക്ഷ്യമാണ്‌ ഇതിനുപിന്നിലുള്ളത്‌. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഇസ്ലാമിനെ എങ്ങനെ വേണമെങ്കിലും വലിച്ചുനീട്ടാനും നീട്ടികുറയ്ക്കാനും ഇവരുടെ കയ്യില്‍ പല ആശയങ്ങളുമുണ്ട്‌.

മുസ്ലീം സമുദായം മൊത്തത്തില്‍ പിന്നോക്ക വിഭാഗമാണെന്നും എല്ലാ ജാതിമത പാര്‍ട്ടികളിലും സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ടെന്നും സ്ത്രീവിമോചനം സാധ്യമാകാന്‍ വനിതകള്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഇനിയും ഏറെ ശക്തിപ്പെടേണ്ടതുണ്ടെന്നും മറ്റു സ്ത്രീ സംഘടനകളുടെ സഹകരണമാണ്‌ ഈ വനിതാ ശാക്തീകരണത്തിന്റെ ലക്ഷ്യമെന്നും അവര്‍ ആഹ്വാനം ചെയ്യുന്നു. ഈ ലക്ഷ്യംവെച്ചുകൊണ്ടാണ്‌ ‘സാമൂഹ്യവിപ്ലവത്തിന്‌ സ്ത്രീ ശാക്തീകരണമെന്ന’ പ്രമേയം അവര്‍ ചര്‍ച്ചക്കെടുത്തതെന്നും അവര്‍ അവകാശപ്പെടുന്നു. ഈ വിഷയത്തെ ആസ്പദമാക്കി ഈ ലക്കം പ്രബോധനം വാരിക സംഘടിപിച്ച ചര്‍ച്ചയില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളാണ്‌ പങ്കെടുത്തത്‌. ജസ്റ്റിസ്‌ ഡി. ശ്രീദേവി, ഗൗരിയമ്മ, അജിത, ബി.എം. സുഹറ, സിസ്റ്റര്‍ ജെസ്മി, ഡോ.റോസി തമ്പി, സി.എസ്‌. ചന്ദ്രിക തുടങ്ങിയവരാണതിലെ പ്രമുഖര്‍.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ മുന്‍ നക്സല്‍ബാരി നേതാവും സ്ത്രീവിമോചക പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ അജിതയുടെ അഭിപ്രായമാണ്‌ ശ്രദ്ധേയമായത്‌. അതിങ്ങനെയാണ്‌ കന്യാസ്ത്രീകള്‍ മതകീയവേഷം ധരിക്കുന്നതില്‍ ആരും തെറ്റുകാണുന്നില്ല. അവര്‍ മതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരാണ്‌. എന്നാല്‍ മുസ്ലീങ്ങള്‍ക്കിടയില്‍ പര്‍ദ്ദാസംസ്ക്കാരം വര്‍ധിച്ചിട്ടുണ്ട്‌. പര്‍ദ്ദ സ്ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നാണ്‌ അതിന്‌ അവര്‍ പറയുന്ന ന്യായം! സ്വന്തം ശരീരം മൂടിവച്ചാല്‍ സ്വാതന്ത്ര്യം കിട്ടുമെന്നത്‌ ഒരു മിഥ്യാബോധമാണ്‌. ഞാന്‍ പര്‍ദ്ദയെ കാണുന്നത്‌ ആരോഗ്യകരമായ വേഷമായിട്ടല്ല. അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത തരത്തിലുള്ള മാന്യമായ വസ്ത്രമാണ്‌ ഓരോ സ്ത്രീയും ധരിക്കേണ്ടത്‌. ഗള്‍ഫ്‌ സ്വാധീനവും മാര്‍ക്കറ്റിംഗ്‌ താല്‍പര്യങ്ങളുമാണ്‌ പര്‍ദ്ദക്കിത്ര പ്രചാരം ലഭിക്കാനിടയായത്‌. എന്നാല്‍ നിലവിലെ പരിതസ്ഥിതിയില്‍ ഇസ്ലാമോഫോബിയ സമൂഹത്തില്‍ വളരാന്‍ പര്‍ദ്ദ കാരണമാകുന്നു. കുറെ പര്‍ദ്ദ ധരിച്ചവരുടെ ഇടയില്‍ ചെന്നാല്‍ എനിക്കുതന്നെ ഒരസ്വസ്ഥത അനുഭവപ്പെടാറുണ്ട്‌.

പര്‍ദ്ദയെക്കുറിച്ചുള്ള അജിതയുടെ വിമര്‍ശനങ്ങളൊന്നും പര്‍ദ്ദ ധരിക്കുന്ന സ്ത്രീകള്‍ക്ക്‌ ഏശുകയില്ല. പര്‍ദ്ദയും ബുര്‍ഖയും ധരിച്ച യഥാര്‍ത്ഥ ഇസ്ലാമിസ്റ്റായി ജീവിക്കുന്നവരെ മാത്രമേ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന്‌ അടിയുറച്ച്‌ വിശ്വസിക്കുന്നവരാണവര്‍. ഈ പര്‍ദ്ദാ ധാരികളെ സപ്പോര്‍ട്ട്‌ ചെയ്തുകൊണ്ട്‌ പ്രബോധനം വാരിക അജിതക്ക്‌ മറുപടി പറയുന്നതിങ്ങനെയാണ്‌. “സ്ത്രീശാക്തീകരണം സംബന്ധിച്ച്‌ ഉന്നതമായ അഭിപ്രായങ്ങളില്‍ പലതും ഗൗരവപൂര്‍ണമായ പരിഗണന അര്‍ഹിക്കുന്നതാണ്‌. ചിലത്‌ ഉപരിപ്ലവമായ കാഴ്ചപ്പാടുകളെയും മുന്‍ ധാരണകളെയും ആധാരമാക്കിയുള്ളതും മുസ്ലീം സ്ത്രീകള്‍ ഹിജാബ്‌ (പര്‍ദ്ദ) ധരിക്കുന്നതിന്‌ ചിലര്‍ അടിമത്തത്തിന്റെയും അധഃസ്ഥിതിയുടെയും യാഥാസ്ഥിതിക ബോധത്തിന്റെയും അടയാളമായി ചൂണ്ടിക്കാട്ടുന്നുണ്ട്‌. മാറുമറയ്ക്കുന്നതിന്റേപേരിലും ചേലയുടുക്കുന്നതിന്റെ പേരില്‍ കലാപങ്ങളുണ്ടായ കേരളത്തിന്റെ ചരിത്രമോര്‍ക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.”

മാറുമറക്കാനുള്ള അവകാശം നിലനിര്‍ത്താന്‍ വേണ്ടിയുളള സമരവും പര്‍ദ്ദ ധരിക്കാനുള്ള അവകാശസമരവും തമ്മില്‍ വ്യത്യാസമുണ്ട്‌. അവ രണ്ടിനും വ്യത്യസ്ത അര്‍ത്ഥതലങ്ങളാണുള്ളത്‌. ഒന്ന്‌ പുരുഷമേധാവിത്തത്തിനെതിരെയുള്ള സമരമാകുമ്പോള്‍ മറ്റേത്‌ പുരുഷമേധാവിത്തം നിലനിര്‍ത്താന്‍വേണ്ടിയുള്ള സമരമായിട്ടേ കാണാനാവൂ. കാരണം പര്‍ദ്ദാ സമ്പ്രദായം ബഹുഭാര്യത്വ നിയമത്തോടനുബന്ധിച്ചുണ്ടാക്കിയ നിയമമാണ്‌. ഒന്നില്‍കൂടുതല്‍ ഭാര്യമാരുള്ളവര്‍ ഭാര്യമാരെയെല്ലാം അടുക്കളയില്‍ തളച്ചിടാനാണ്‌ ആഗ്രഹിക്കുക. കാരണം ഏറ്റാന്‍കഴിയാത്ത ഭാരമാണ്‌ പുരുഷന്‍ ഏറ്റെടുത്തിരിക്കുക. അവനൊരിക്കലും ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താനാവില്ലെന്നും അത്‌ ആരു ശ്രമിച്ചാലും സാധിക്കാത്ത കാര്യമാണെന്നും ഖുര്‍ആന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടും ബഹുഭാര്യത്വം സ്വീകരിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന കാരണം പറഞ്ഞ്‌ ആ നിയമം ലോകാവസാനം വരെ നിലനിര്‍ത്താനാണ്‌ യാഥാസ്ഥിതിക വിഭാഗക്കാരും മറ്റും ശ്രമിച്ചുവരുന്നത്‌. ഇത്‌ നബിക്ക്‌ സ്വന്തം അനുഭവത്തില്‍നിന്ന്‌ കിട്ടിയ ജ്ഞാനമാണെന്നുള്ള കാര്യം ഇസ്ലാമിക ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല ബഹുഭാര്യത്വം അപ്രായോഗികമാണെന്ന്‌ പ്രകൃതിശാസ്ത്രംതന്നെ തെളിയിക്കുന്ന കാര്യമാണ്‌. അത്‌ കുടുംബജീവിതത്തില്‍ അരാജകത്വമാണ്‌ സൃഷ്ടിക്കുക. സ്ത്രീകളെ പര്‍ദ്ദയിലല്ല അടുക്കളയില്‍പോലും മൂടിവെച്ചാലും അതിന്റെ പ്രതിഫലനം ജീവിതത്തിലുടനീളം കാണാതിരിക്കില്ല. പുരുഷന്‍ നാലു ഭാര്യമാരുമായി ബന്ധപ്പെടുമ്പോള്‍ ഭാര്യമാരും അവര്‍ക്ക്‌ സൗകര്യം കിട്ടുമ്പോള്‍ അന്യപുരുഷന്മാരുമായും ബന്ധപ്പെടുന്നുണ്ടെന്നുള്ളത്‌ സൗദിയിലെ കുടുംബജീവിതാനുഭവങ്ങള്‍ നമുക്ക്‌ നല്‍കുന്ന പാഠമാണ്‌. പ്രബോധനം തുടരുന്നു. ഏദ്‌ മുഹമ്മദിന്റെ ദി ഇസ്ലാമിസ്റ്റ്‌ വായിച്ചുനോക്കുക.

“സ്ത്രീകള്‍ക്ക്‌ പുറത്തിറങ്ങുമ്പോള്‍ ശരീരം നന്നായി മറക്കുന്ന വസ്ത്രധാരണമാണ്‌ ഹിജാബ്‌. അതിന്‌ പര്‍ദ്ദ എന്ന പ്രത്യേക ഉടുപ്പുതന്നെവേണമെന്നോ, നിറം കറുപ്പായിരിക്കണമെന്നോ നിര്‍ബന്ധമില്ല. ചില മുസ്ലീം രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള കറുത്ത പര്‍ദ്ദ തെരഞ്ഞെടുക്കുന്നുവെന്നേയുള്ളൂ. ഹിജാബിന്‌ പ്രചാരം വര്‍ധിച്ചതോടൊപ്പം മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത്‌ കൂടുതല്‍ സജീവമായി എന്ന വസ്തുത മതി ഹിജാബിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍.” പര്‍ദ്ദ ധരിക്കുന്നവര്‍ അതിനനുകൂലമായി സംസാരിക്കുന്നത്‌ മാധ്യമങ്ങള്‍ അവരെകൊണ്ട്‌ അങ്ങനെ പറയിക്കുന്നതുകൊണ്ടല്ലെന്ന്‌ സ്ഥാപിക്കാന്‍ പ്രബോധനം തുടരുന്നു. “പര്‍ദ്ദ ധരിക്കുന്നവര്‍ക്ക്‌ സ്വന്തം അഭിപ്രായമുണ്ടാവില്ല. അവള്‍ പുരുഷന്‍ ചൊല്ലിക്കൊടുക്കുന്നത്‌ ഏറ്റുചൊല്ലുന്നവള്‍ മാത്രമാണ്‌.” എന്നാണ്‌. ഈ മുന്‍ ധാരണയെ ആസ്പദമാക്കിയുള്ള ഇത്തരം നിരൂപണങ്ങള്‍ പര്‍ദ്ദ ധരിക്കുന്ന സ്ത്രീയുടെ വ്യക്തിത്വത്തെ അവഹേളിക്കലല്ലേ? പര്‍ദ്ദയെക്കാള്‍ എത്രയോ വലിയ വിപണിയായ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ സ്ത്രീശരീരത്തിന്റെ പരസ്യപ്രദര്‍ശനം ആഘോഷിക്കുന്നു. പര്‍ദ്ദയെ എതിര്‍ക്കുന്നവര്‍ അവരുടെ ദല്ലാളികളാണെന്ന്‌ പറഞ്ഞാല്‍ സമ്മതിക്കുമോ? നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്നവര്‍ എന്തുകൊണ്ട്‌ മുസ്ലീങ്ങളുടെ വസ്ത്രവ്യത്യാസത്തില്‍ വല്ലാതെ അസഹിഷ്ണുതകളാകുന്നതെന്ന ചോദ്യത്തിന്‌ തികഞ്ഞ മതേതരവാദിയായ അജിതയുടെ മറുപടിതന്നെ മതി. മുസ്ലീം സമുദായം മൊത്തത്തില്‍ പിന്നോക്ക ദരിദ്ര വിഭാഗമായി തീരാന്‍ കാരണം ഖുര്‍ആനു ഹദീസും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതുകൊണ്ടാണെന്നിവരൊരിക്കലും സമ്മതിക്കുകയില്ല. സ്ത്രീകള്‍ അന്യപുരുഷന്മാരോട്‌ സംസാരിക്കാന്‍ പാടില്ലെന്നും സംസാരിക്കുകയാണെങ്കില്‍ ഒരു മറവേണമെന്നും ബന്ധുക്കളുടെ കൂടെയല്ലാതെ വീട്ടില്‍നിന്ന്‌ പുറത്തുപോകാന്‍ പാടില്ലെന്നുമുള്ള ഖുര്‍ആന്‍ നിയമം ഭേദഗതി ചെയ്യാതെ എങ്ങനെയാണ്‌ മുസ്ലീംങ്ങള്‍ പിന്നോക്കാവസ്ഥയില്‍നിന്ന്‌ കരകയറുക. സ്ത്രീശാക്തീകരണമെങ്ങനെ നടക്കും?

kadapadu janmabhumidaily
സെയ്ത്മുഹമ്മദ്‌

Leave a Reply

Advertise Here
Advertise Here