ദേവഭാഷയായ സംസ്കൃതത്തിന്റെ തറവാട്ടിലേക്ക് സംസ്കൃതജ്ഞാനത്തിന്റെ ഗംഗാപ്രവാഹമായിട്ടാണ് വിദേശിയായ പ്രൊഫ. ജോര്‍ജ് കാര്‍ഡോണ എത്തിയിരിക്കുന്നത്. ആധുനിക കമ്പ്യൂട്ടര്‍ സയന്‍സ് സംസ്കൃതത്തിന്റെ സാധ്യതകളിലേക്ക് ഉറ്റുനോക്കുമ്പോള്‍ അതിന്റെ പ്രായോഗിക തലത്തിലേക്കുള്ള അറിവ് പകരുകയാണ് കാര്‍ഡോണ ചെയ്യുന്നത്. ലോകത്തിന് അദ്വൈതവേദാന്തം പകര്‍ന്നുനല്‍കിയ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയില്‍ ജഗത്ഗുരുവിന്റെ നാമധേയത്തിലുള്ള സംസ്കൃത സര്‍വകലാശാലയില്‍ എത്തുവാനായത് ഒരു നിയോഗമായിട്ടാണ് കാര്‍ഡോണ കരുതുന്നത്.
‘അഭിനവ പാണിനി’ എന്ന് വിദേശങ്ങളില്‍ പ്രശസ്തനായ ജോര്‍ജ് കാര്‍ഡോണ അമേരിക്കയിലെ പെന്‍സിന്‍വേനിയ സര്‍വകലാശാലയിലെ പ്രൊഫസറാണ്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സംസ്കൃതം സാഹിത്യ വിഭാഗത്തില്‍ മൂന്നാഴ്ചക്കാലം എറുഡൈറ്റ് പ്രൊഫസറായി ചുമതലയേറ്റിരിക്കുകയാണ് അദ്ദേഹം. സംസ്കൃത വ്യാകരണത്തിലെ ഗഹനങ്ങളായ മഹാഭാഷ്യം, വാക്യപദീയം തുടങ്ങിയ ഗ്രന്ഥങ്ങളില്‍ സംസ്കൃത വ്യാഖ്യാനസഹിതം സംസ്കൃത ഭാഷാ മാധ്യമത്തില്‍ പഠിപ്പിക്കുകയാണ് കാര്‍ഡോണ ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെ അധ്യാപകരും ഗവേഷകരും കാര്‍ഡോണയുടെ കീഴില്‍ സംസ്കൃത ശാസ്ത്രകൃതികള്‍ പഠിക്കുവാനും ഗവേഷണ രീതികള്‍ മനസ്സിലാക്കുവാനും എത്തിയിട്ടുണ്ട്.
1936-ല്‍ സ്പെയിനിലാണ് ജോര്‍ജ് കാര്‍ഡോണയുടെ ജനനം. ഗോര്‍ഗേ കാര്‍ഡണ പിതാവും പൗള മാതാവുമാണ്. 1956-ല്‍ ബിരുദതലത്തില്‍ താരതമ്യ ഭാഷാ ശാസ്ത്രത്തിനൊപ്പം ഒന്നരവര്‍ഷം സംസ്കൃതം പഠിച്ചു. സംസ്കൃതത്തെ പരിചയപ്പെട്ട കാര്‍ഡോണ സംസ്കൃതത്തിന്റെ ആത്മാവ് ഉറങ്ങിക്കിടക്കുന്ന ഭാരതത്തില്‍ എത്തി. ഭാരതത്തിലെ പ്രസിദ്ധ സംസ്കൃത പണ്ഡിതന്മാരായിരുന്ന ജഗന്നാഥ്പദേശാസ്ത്രി (ബറോഡ), അംബിക പ്രസാദ് ഉപാധ്യായ (വാരാണസി), രഘുനാഥ ശര്‍മ (വാരാണസി), കൃഷ്ണമൂര്‍ത്തി ശാസ്ത്രി (ചെന്നൈ) തുടങ്ങിയവരുടെ കീഴില്‍ പരമ്പരാഗതരീതിയില്‍ സംസ്കൃതം അഭ്യസിച്ചു.
1960-ല്‍ അമേരിക്കയിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും താരതമ്യഭാഷാ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പെന്‍സില്‍വേനിയ യൂണിവേഴസിറ്റിയില്‍ 1967 മുതല്‍ 2005 വരെ അധ്യാപകനായിരുന്നു. വിരമിച്ചശേഷവും അവിടെത്തന്നെ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയില്‍ ബറോഡ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാലടിയില്‍ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് എത്തുന്നത്. ലോകഭാഷാശാസ്ത്രരംഗത്ത് അഭിമാനസ്തംഭമായ പാണിനിയുടെ അഷ്ടാധ്യായിയിലും അതിന്റെ വ്യാഖ്യാനങ്ങളിലും ഗവേഷണം തുടരുന്നു. സംസ്കൃത വ്യാകരണതത്വങ്ങള്‍, ന്യായ, മീമാംസ തുടങ്ങിയ മറ്റ് ദര്‍ശനങ്ങളിലെ ഉപരിസിദ്ധാന്തങ്ങളുമായി താരതമ്യപ്പെടുത്തി പഠിക്കേണ്ടതിന്റെ ആവശ്യകത ലോക പണ്ഡിതന്മാര്‍ക്ക് ബോധ്യമായത് കാര്‍ഡോണയുടെ ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും ഇംഗ്ലീഷ് ഭാഷയില്‍ പ്രകാശിപ്പിക്കപ്പെട്ടതോടുകൂടിയാണ്. ‘പാണിനീയന്‍ റിസര്‍ച്ച്’, ‘പാണിനി എ സര്‍വേ ഓഫ് റിസര്‍ച്ച്’, ‘പാണിനി ഹിസ് വര്‍ക്ക്സ് ആന്റ് ട്രഡീഷന്‍’, ‘ബാക്ക് ഗ്രൗണ്ട് ആന്റ് ഇന്‍ട്രൊഡക്ഷന്‍ ആന്റ് റീസന്റ് റിസര്‍ച്ച് ഇന്‍ പാണിനീയന്‍ സ്റ്റഡീസ്’ എന്നിവയാണ് കാര്‍ഡോണയുടെ മുഖ്യഗ്രന്ഥങ്ങള്‍.
ലളിതമായ ജീവിതശൈലിയും ഉയര്‍ന്ന ചിന്തയുമാണ് പൊതുവേ സംസ്കൃത പണ്ഡിതന്മാരുടെ മുഖമുദ്ര. ഇത് ഭാരതത്തിന്റെ തന്നെ സാമാന്യമായ ഒരു സ്വഭാവ സവിശേഷതയെന്ന് കാര്‍ഡോണ പറഞ്ഞു. അമേരിക്കയിലും ഇത്തരത്തിലുള്ള വ്യക്തികളുണ്ടെങ്കിലും രാഷ്ട്രത്തിന്റെ സാമാന്യ സ്വഭാവമായി ഏറെക്കുറെ അംഗീകരിക്കുവാന്‍ കഴിയുന്നത് ഭാരതത്തിലാണ്. സംസ്കൃത ഭാഷക്ക് മാത്രമല്ല ഇന്തോ-യൂറോപ്യന്‍ ഭാഷകള്‍ക്കും പാണിനിയുടെ അഷ്ടാധ്യായി ഒരു ആധാരഗ്രന്ഥം തന്നെയാണ്.
നാച്ചുറല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനക്ഷമമാക്കാന്‍ പറ്റുന്ന ഒന്നാണ് പാണിനീയം. എന്നാല്‍ ഇതിന്റെ രീതിശാസ്ത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വളരെ സഹായകമാണ്. ആധുനിക കമ്പ്യൂട്ടര്‍ പഠനമേഖലകളുമായി ബന്ധപ്പെടുത്തി പാണിനിയുടെ അഷ്ടാധ്യായി സവിസ്തരം ഗവേഷണത്തിന് വിഷയമായിട്ടുണ്ട്.
തന്റെ വിദ്യാര്‍ത്ഥികളില്‍ പ്രമുഖനായ ഡോ. പീറ്റര്‍ ഷാര്‍ഫ് (ബ്രൗണ്‍ യൂണിവേഴ്സിറ്റി, അമേരിക്ക), പ്രസ്തുത വിഷയത്തില്‍ പല പഠനങ്ങളും കൊണ്ടുവന്ന വ്യക്തിയാണ്. കാലടി സര്‍വകലാശാലയില്‍ തന്റെ നേതൃത്വത്തില്‍ നടക്കുന്ന എറുഡേറ്റ് പ്രോഗ്രാമില്‍ അന്തര്‍ദേശീയ സംസ്കൃത കമ്പ്യൂട്ടര്‍ ശില്‍പശാലയില്‍ പങ്കെടുത്ത് പ്രസ്തുത പദ്ധതിയുടെ വിവരണം നല്‍കുന്നുണ്ട്. അദ്ദേഹത്തോടൊപ്പം തന്റെ ശിഷ്യയായ ഡോ. അംബികാ കുല്‍ക്കര്‍ണിയും കാലടിയില്‍ എത്തുന്നുണ്ടെന്നും പ്രൊഫ. കാര്‍ഡോണ പറഞ്ഞു.
ലോകപ്രശസ്ത ഭാഷാശാസ്ത്ര പണ്ഡിതന്മാരായ ഡോ. മാധവ് ദേശ് പാണ്ഡെ (മിഷിഗണ്‍ യൂണിവേഴ്സിറ്റി, അമേരിക്ക), ഡോ. അശോക് അക്ലൂച്കര്‍ (ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റി) തുടങ്ങി നിരവധിപേര്‍ തന്റെ ശിഷ്യന്മാരാണെന്ന് കാര്‍ഡോണ പറഞ്ഞു. ലോകം ഭാരതീയ ദര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കുന്ന വേളയില്‍ സംസ്കൃതം ആധുനിക ശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങള്‍ അനിവാര്യമാണ്. സാഹിത്യവിഭാഗം തലവന്‍ പ്രൊഫ. പി.സി. മുരളീമാധവനാണ് എറുഡേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത്.







