ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍

Posted on 30 July 2010 by admin

ആവിഷ്കാര സ്വാതന്ത്ര്യമെന്ന ഒരു സംഗതിയുണ്ട്‌. ടി സാധനം ഉണ്ടെങ്കില്‍ ഒന്നും പേടിക്കാനില്ല. എന്തും ഈ ആവിഷ്ക്കാരസ്വാതന്ത്ര്യത്തില്‍ അലിഞ്ഞു ചേരും. ഇതിന്റെ അവസാനം എങ്ങനെ എന്ന്‌ ചോദിച്ചാല്‍ കൈപ്പത്തിവരെ എന്നായിരിക്കും തൊടുപുഴയിലെ പ്രൊഫസര്‍ ജോസഫ്‌ പറയുക. ഓരോരുത്തര്‍ക്കും അത്‌ ഓരോ തരത്തിലാണ്‌.

ജോസഫിന്‌ കൈപ്പത്തി പോയെങ്കില്‍ ആറാം തിരുമുറിവ്‌ അവതരിപ്പിച്ച നാടക നടന്മാര്‍ക്ക്‌ തടവും പിഴയും കിട്ടി. എന്നാല്‍ വേറെ ചില ആവിഷ്കാര സ്വാതന്ത്ര്യങ്ങളുണ്ട്‌. ആയത്‌ (കു)പ്രസിദ്ധ ചിത്രകാരന്‍ എംഎഫ്‌ ഹുസൈന്‌ അവകാശപ്പെട്ടതാണ്‌. ടിയാന്‌ ഹൈന്ദവ ദേവീദേവന്മാരും മാനബിന്ദുക്കളും അത്രപിടിത്തമില്ല. തരംകിട്ടിയാല്‍ നാല്‌ വരവരച്ച്‌ അടിയില്‍ സരസ്വതി, ശിവന്‍, ഭാരതാംബ എന്നൊക്കെ എഴുതിവെച്ചുകളയും. തൊടുപുഴയില്‍ നീതിനടപ്പാക്കിയവരെപ്പോലുള്ള കാട്ടാളന്മാരല്ലാത്തതിനാല്‍ ഹുസൈന്‍ ഇപ്പോഴും സുഖസമൃദ്ധമായി കഴിയുന്നു. തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പേര്‌ എഴുതിപ്പോയി എന്നതിനാണ്‌ പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയത്‌. അവിടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‌ മുകളില്‍ വാള്‍ത്തലവീണു.

ഇനിയും ചില ആവിഷ്കാര സ്വാതന്ത്ര്യങ്ങളുണ്ട്‌. അതിന്റെ സുമുഖമായ ഒരുരംഗം മാതൃഭൂമി (ജൂലൈ 16) യുടെ ഒന്നാം പേജില്‍ കാണാം. ഗോപീകൃഷ്ണന്‍ എന്ന കൃതഹസ്തനായ കാര്‍ട്ടൂണിസ്റ്റിന്റെ വരയിലേക്ക്‌ വായനക്കാരുടെ ശ്രദ്ധക്ഷണിക്കുകയാണ്‌. ഇന്ത്യന്‍ രൂപയ്ക്ക്‌ ഒരു ചിഹ്നം തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ്‌ ടിയാന്റെ വര. രൂപയുടെ ചിഹ്നത്തെ ഷേവിംഗ്‌ ബ്ലേഡാക്കി, ഷേവിംഗ്‌ ക്രീം പതച്ച ബ്രഷ്‌ കൈയിലേന്തി മന്‍മോഹന്‍സിംഗ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമയെ താടിവടിക്കാന്‍ പോകുന്നതായി ചിത്രീകരിച്ചുകൊണ്ടാണ്‌ രൂപയ്ക്ക്‌ ചിഹ്നമായി എന്ന കാര്‍ട്ടൂണ്‍ ഒന്നാംപേജില്‍ കൊടുത്തിരിക്കുന്നത്‌.

എന്തുസംസ്കാരമാണ്‌ മാതൃഭൂമി ഇതിലൂടെ വായനക്കാര്‍ക്ക്‌ പകര്‍ന്നു നല്‍കുന്നതെന്ന്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല. ഇതില്‍ മന്‍മോഹന്‍സിംഗിനെ പരിഹസിക്കാന്‍ മാത്രം എന്താണുള്ളത്‌? ഇനിയതല്ല, ഇന്ത്യക്കാരൊക്കെ അമേരിക്കക്കാരുടെ താടിവടിയന്‍മാര്‍ എന്നാണോ മനസ്സിലാക്കേണ്ടത്‌.? ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ഇന്ത്യന്‍ ഉറുപ്പികയ്ക്ക്‌ ആഗോളതലത്തില്‍ പ്രമുഖസ്ഥാനം ലഭ്യമാവുന്ന ഒരവസ്ഥാവിശേഷമാണ്‌ ചിഹ്നത്തിലൂടെ ലക്ഷ്യമിടുന്നത്‌. കറന്‍സികള്‍ക്ക്‌ ചിഹ്നമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതെത്തുകയാണ്‌ ഇതുവഴി ഇന്ത്യ. അഭിമാനകരമല്ലേ അത്‌? അതും ഒരിന്ത്യക്കാരന്‍, വിശിഷ്യ ദക്ഷിണേന്ത്യക്കാരനായ ഡി.ഉദയകുമാറാണ്‌ ചിഹ്നം രൂപകല്‍പന ചെയ്തത്‌. മാതൃഭൂമിയില്‍ ഗാന്ധിജി വന്നതിന്റെ മുക്കാല്‍ നൂറ്റാണ്ട്‌ അതിവിശിഷ്ടമായി ആഘോഷിക്കുന്ന പത്രം എന്തേ ഇത്ര മ്ലേച്ഛമായ രീതിയില്‍ ഒരഭിമാനസംഭവത്തെ കണ്ടു ? അതുവഴി ഗാന്ധിജിയെ തന്നെയല്ലേ അവര്‍ അപമാനിച്ചത്‌? കാര്‍ട്ടൂണിസ്റ്റ്‌ എത്ര പ്രഗല്‍ഭനാണെങ്കിലും വരച്ചതിന്റെ സംസ്കാരം നോക്കി വേണ്ടിയിരുന്നില്ലേ പത്രാധിപഗജകേസരികള്‍ ആയത്‌ നല്‍കേണ്ടിയിരുന്നത്‌ ? സത്യം, സമത്വം സ്വാതന്ത്ര്യം എന്നാണല്ലോ ആ പത്രം ിക്കുന്നത്‌. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ രൂപയ്ക്ക്‌ മറ്റുള്ളവയ്ക്കൊപ്പം സമത്വം കൈവരാനുള്ള ഒരവസരമല്ലേ ഇത്‌? അതിനെ അധിക്ഷേപിച്ചതെന്തിന്‌ ? ഇനി അത്‌ കാര്‍ട്ടൂണിസ്റ്റിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പൂമുഖമാണെന്ന്‌ പറയുമോ? പണ്ട്‌ ഒരു ജനകീയ നേതാവ്‌ മേപ്പടി പത്രത്തിന്റെ പത്രാധിപരെ മോശമായി അഭിസംബോധന ചെയ്തത്‌ വിവാദമായിരുന്നു. വാസ്തവത്തില്‍ അത്‌ ശരിയായിരുന്നില്ലേ എന്ന്‌ ചിലര്‍ക്കെങ്കിലും തോന്നിപ്പോകും ഗോപീകൃഷ്ണന്‍ മഹിതാശയന്റെ കാര്‍ട്ടൂണ്‍ കണ്ടാല്‍. ഏതായാലും ഒരു പത്രത്തോടൊപ്പം വളരുന്ന സംസ്കാരവും ഒരു പത്രത്തിന്റെ യഥാര്‍ഥ ശക്തിയും കണ്ടറിയുന്നവര്‍ക്ക്‌ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാം.

രണ്ടായിരത്തി അഞ്ഞൂറ്റി അമ്പത്തഞ്ച്‌ ദിവസമായി ഇന്ത്യാവിഷന്‍ എന്ന ചാനല്‍ നമ്മുടെ കണ്‍മുമ്പില്‍ നിന്ന്‌ കസര്‍ത്ത്‌ കളിക്കാന്‍ തുടങ്ങിയിട്ട്‌. ഒരുതരത്തില്‍ പറഞ്ഞാല്‍ തികഞ്ഞ ട്രപ്പീസ്‌ കളിയാണ്‌. ഇത്‌ ഭംഗിയായി നിര്‍വഹിക്കാന്‍ ചാനലിന്റെ സിഇഒ ആയ നികേഷ്‌ കുമാറിന്‌ കഴിഞ്ഞിട്ടുണ്ട്‌. ആ അവകാശവാദം ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പി (ജൂലായ്‌ 25-31)ല്‍ അദ്ദേഹം വായനക്കാരുമായി പങ്കുവെക്കുന്നു. അതേ തരത്തിലുള്ള ഒരു പങ്കുവെക്കല്‍ കലാകൗമുദി (ജൂലായ്‌ 25) യിലുമുണ്ട്‌. രണ്ടും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍ നികേഷിന്റേത്‌ ഹോട്ടലില്‍ നിന്നുള്ള ഭക്ഷണമാണ്‌. മുനീര്‍ വീട്ടുഭക്ഷണമാണ്‌ വിളമ്പുന്നത്‌.

താനാണ്‌ ശരിയെന്ന ചൂരല്‍ വടിയുമായാണ്‌ നികേഷ്‌ ആളുകളെ (ചാനലിലുള്ളവരേയും) കൈകാര്യം ചെയ്തിരുന്നത്‌. തന്റെ തലയ്ക്കുള്ളില്‍ ചുരുണ്ടുകിടക്കുന്ന വിജ്ഞാനവും വിവരവും മറ്റാര്‍ക്കുമില്ലെന്ന പ്രാകൃത സംസ്കാരമാണ്‌ അദ്ദേഹത്തിന്റെ ചാനല്‍ സ്വഭാവം. അസഹിഷ്ണുത കൂടപ്പിറപ്പായ ഇടതുപക്ഷത്തിന്റെ കണ്ണോട്ടമുള്ളതിനാല്‍ നികേഷിന്‌ ഇഷ്ടമില്ലാത്ത രാഷ്ട്രീയ നേതാക്കളെ കടിച്ചുകീറാന്‍ എന്നും അദ്ദേഹം ഔത്സുക്യം കാട്ടിയിട്ടുണ്ട്‌. എന്നിട്ട്‌ അതിന്‌ നിഷ്പ്പക്ഷത എന്നൊരു ഓമനപ്പേരും നല്‍കും. പ്രത്യേകിച്ചും സംഘപരിവാര്‍ നേതാക്കള്‍ക്ക്‌ ചാനലില്‍ അവസരം കൊടുക്കുമ്പോള്‍ (അപൂര്‍വമായേ അങ്ങനെ സംഭവിക്കാറുള്ളു എന്നത്‌ വേറെകാര്യം) പറയുന്നത്‌ മുഴുമിപ്പിക്കാന്‍ അവസരം കൊടുക്കാത്ത നിഷ്പ്പക്ഷ പത്രപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ചുരുക്കിപ്പറഞ്ഞാല്‍ താന്‍ മാത്രം ശരിയെന്ന പാതയിലൂടെ നടക്കുന്നയാള്‍.

ഇപ്പോള്‍ ഇന്ത്യാവിഷന്‍ വിട്ടുപോവുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ അദ്ദേഹം പ്രശാന്ത്‌ ആര്‍ നായരുമായി സംസാരിക്കുന്നത്‌. ഞാന്‍ ഇന്ത്യാവിഷന്റെ ബിഒടി മേധാവി എന്നതലക്കെട്ടിന്റെ അടിയിലൂടെ ഒമ്പതുപേജ്‌ വായിച്ചുപോവുക. അസഹിഷ്ണുതയുടെ വൈറസ്‌ എത്ര മാത്രം അദ്ദേഹത്തില്‍ കുടിയിരിക്കുന്നു എന്നു മനസ്സിലാവും. തന്റെ ഗമ കാണിക്കാന്‍ ഒരു അസംബന്ധപരമാര്‍ശവും നടത്തുന്നുണ്ട്‌ ടിയാന്‍. പ്രശാന്ത്‌ നായരോട്‌ കാര്യങ്ങള്‍ പറയുംമുമ്പ്‌ സ്വന്തം ചെയര്‍മാനോട്‌ വിവരങ്ങള്‍ തിരക്കാനുള്ള അടിസ്ഥാന മാധ്യമധര്‍മം പോലും പാലിക്കാത്തയാളുടെ സംസ്കാരത്തിനെ എന്തുപേരിട്ട്‌ വിളിക്കാം. ?

റജീന സംഭവം റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌ ആനക്കാര്യമായി നികേഷ്‌ ചൂണടിക്കാട്ടുന്നത്‌. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗത്തിന്‌ ചെണ്ടയായി നിന്നുകൊടുക്കാന്‍ നികേഷിന്‌ കഴിഞ്ഞു എന്നു പറയുന്നതാവും കൂടുതല്‍ ശരി. പിന്നെ, ഒരു കാര്യമുണ്ട്‌. തനിക്ക്‌ ഇഷ്ടമുള്ളത്‌ മുമ്പില്‍ വന്ന്‌ ഇരിക്കുന്നവരെക്കൊണ്ട്‌ പറയിക്കാന്‍ നികേഷിന്‌ കഴിഞ്ഞിട്ടുണ്ട്‌. ചില പോലീസ്‌ ഓഫീസര്‍മാര്‍ക്ക്‌ പ്രതികളില്‍ നിന്ന്‌ വിവരം കിട്ടുന്നതുപോലെയേ അതുമുള്ളു. അഭിമാനിച്ചോളൂ, അഹങ്കരിക്കരുത്‌ എന്നേ പറയാനുള്ളു.

പത്തു പേജു നീളുന്നതാണ്‌ ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ എം.കെ.മുനീറിന്റെ തുറന്നു പറച്ചില്‍. ആ വാക്കുകളില്‍ സ്വര്‍ഗീയ സിഎച്ച്‌ മുഹമ്മദുകോയയുടെ സ്നേഹമസൃണവും പക്വതയാര്‍ന്നതും അനുകമ്പാര്‍ദ്രവുമായ ഒരു സംസ്കാരമുണ്ട്‌. ഓരോ വരിയിലും അത്‌ വായനക്കാര്‍ക്ക്‌ അനുഭവവേദ്യമാകുന്നുണ്ട്‌. നികേഷിന്റെ വെട്ടൊന്ന്‌ മുറിരണ്ട്‌ സമീപനത്തിന്‌ സ്നേഹമിതാ പകര്‍ന്നെടുത്തോളൂ എന്നാണ്‌ മുനീര്‍ പറയുന്നത്‌. ഞാന്‍ മാത്രം ശരിയെന്ന ധാര്‍ഷ്ട്യത്തിന്‌ നമ്മളെല്ലാം ശരി എന്ന സൗമ്യശബ്ദമാണ്‌ മുനീറിന്റേത്‌. വി.ഡി.ശെല്‍വരാജാണ്‌ മുനീറുമായി സംവദിക്കുന്നത്‌. നികേഷിന്‌ ഓട്ടോക്രസി; റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ പേടി എന്ന തലക്കെട്ടിലാണ്‌ അഭിമുഖം.

നേരേവാ സമീപനമാണ്‌ ഓരോ ചോദ്യത്തിനുമുള്ള മറുപടിയില്‍ നിഴലിക്കുന്നത്‌. എല്ലാം നികേഷിന്‌ വിട്ടുകൊടുത്തുകൊണ്ട്‌ കാളകൂടം മുഴുവന്‍ മുനീര്‍ കുടിക്കുകയായിരുന്നു. നേട്ടങ്ങളുടെ പട്ടുപരവതാനിയിലൂടെ നടക്കാന്‍ എന്നും മുന്‍പന്തിയിലായിരുന്നു നികേഷെങ്കില്‍ വേദനയുടെ കനല്‍പ്പാതകളായിരുന്നു മുനീറിന്റെ മുമ്പില്‍. ഒരുപാടുകാലം നികേഷിനെ കണ്ട, വിശകലനം ചെയ്ത, വിലയിരുത്തിയ മുനീറിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ: നികേഷ്കുമാര്‍ ഡെമോക്രസി തീരെ അനുവദിച്ചിരുന്നില്ല. ഇത്‌ ഞാനല്ല മറ്റുള്ളവരാണ്‌ പറയുന്നത്‌. റിപ്പോര്‍ട്ടര്‍മാര്‍ക്ക്‌ നികേഷിന്റെ മുന്നില്‍ കാര്യങ്ങള്‍ പറയാന്‍ പേടിയായിരുന്നു.

ചെറിയൊരു ഓട്ടോക്രസിയായിരുന്നു നികേഷിന്റേത്‌. അതുതന്നെയാകാം ഇന്ത്യാവിഷനെ മുന്നിലെത്തിച്ചതും. തന്റെ വിശ്വാസമാണ്‌ ശരി എന്ന്‌ നികേഷ്‌ ഉറപ്പിച്ചിരുന്നു. പ്രശ്നത്തിന്റെ രണ്ടുവശം നോക്കാന്‍ നികേഷ്‌ മുതിര്‍ന്നിരുന്നില്ല. ഒരു മാധ്യമ മാഫിയാതലവനെന്ന്‌ ആരെങ്കിലും നികേഷിനെ കുറ്റം പറഞ്ഞാല്‍ തെറ്റെന്ന്‌ പറയാനാവുമോ? ഡെമോക്രസിയില്ലാത്തിടത്ത്‌ നിഷ്പക്ഷത എന്നു പറയുന്നത്‌ പ്രസവിക്കാത്ത സ്ത്രീയെ അമ്മയെന്ന്‌ വിശേഷിപ്പിക്കുന്നത്‌ പോലെയെ ഉള്ളു. ഐവിഎഫ്‌, ടെസ്റ്റ്യൂബ്‌ ശിശു സംവിധാനങ്ങളെക്കുറിച്ച്‌ എതിരഭിപ്രായമില്ലേ….

തൊട്ടുകൂട്ടാന്‍
ഇടറാതിടറാ,തിട-
വേളതന്‍ ഓരംപൂക്കും
ചെറുപൂക്കള്‍തന്‍
മണമേറ്റിരിക്കാം.
വീണ്ടുമെത്തും
ഹിമപാതംവരെ
എ.വി.ഷെറിന്‍
കവിത: (ആധി) മധ്യാന്തം
ദേശാഭിമാനി (ജൂലായ്‌ 25).

Kadapadu janmabhumidaily

Leave a Reply

Advertise Here
Advertise Here