ഇടയ ലേഖനത്തിലെ ‘രാഷ്ട്രീയം’ നിയമ പ്രശ്‌നത്തിലേക്കും

Posted on 30 July 2010 by admin

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നയം പ്രഖ്യാപിച്ച് കത്തോലിക്കാ മെത്രാന്‍ സഭ  പള്ളികള്‍ തോറും വായിച്ച ഇടയലേഖനം വിവാദത്തിന് പിന്നാലെ  നിയമ പ്രശ്‌നത്തിലേക്കും നീങ്ങുന്നു. ഇടയലേഖനം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടപടികളിന്മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് നിരവധിപേര്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്, ഇടയലേഖനത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് വിശദാംശങ്ങള്‍ അറിയിക്കണമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് വ്യാഴാഴ്ച എറണാകുളം  കലക്ടറേറ്റിലെ തെരഞ്ഞടുപ്പ് വിഭാഗത്തില്‍ ലഭിച്ചു. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം കെ.എന്‍. രാജി  ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍തന്നെ അന്വേഷണം നടത്തുമെന്നാണ് സൂചന. മെത്രാന്‍ സമിതി പുറപ്പെടുവിച്ച ഇടയലേഖനത്തിനെതിരെ സി.പി.എം നേതൃത്വം പരസ്യമായി രംഗത്തിറങ്ങിയിരുന്നു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഇടയലേഖനത്തിനെതിരെ  കഴിഞ്ഞയാഴ്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കഴിഞ്ഞ 18 ന് പള്ളികളില്‍ വായിച്ച ഇടയ ലേഖനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപന  തെരഞ്ഞെടുപ്പില്‍ വിശ്വാസത്തിന് എതിര് നില്‍ക്കുന്നവരെ അകറ്റി നിറുത്തണമെന്ന് ആഹ്വാനം ചെയ്തത്.  സ്വതന്ത്രവേഷത്തില്‍ വരുന്ന രാഷ്ട്രീയക്കാരെ കരുതിയിരിക്കണമെന്നും സഭ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പല തന്ത്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കരിക്കാറുണ്ടെന്നും എതിരാളിയുടെ പേരിനോട് സാദൃശ്യമുള്ള അപരന്മാരെ അവതരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതുവഴി നല്ല സ്ഥാനാര്‍ഥിക്ക് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ കുറക്കുക, തങ്ങളുടെ പാര്‍ട്ടിക്ക് ജയസാധ്യത കുറഞ്ഞ മേഖലകളില്‍ വോട്ടുനേടാന്‍ പറ്റുന്ന വ്യക്തികളെ പിന്തുണച്ച് സ്വതന്ത്രന്മാരായി മല്‍സരിപ്പിച്ച് പരോക്ഷ വിജയം നേടുക എന്നിവ അത്തരത്തിലുള്ളതാണെന്നും ഇടയലേഖനം വിശദീകരിക്കുന്നു.  ഇത്തം സ്വതന്ത്രന്മാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ദൈവവിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മല്‍സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രരല്ലാതായിത്തീര്‍ന്ന അനുഭവവുമുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഈ പരാമര്‍ശം സി.പി.എമ്മിനെ ലക്ഷ്യംവെച്ചാണെന്നാണ് പരക്കേ വിലയിരുത്തപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച കെ.എസ്. മനോജിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിലയിരുത്തപ്പെട്ടത്.

ഇതോടെയാണ് സഭക്കെതിരെ സി.പി.എം രംഗത്തിറങ്ങിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഇടയലേഖനത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയിരുന്നു.
ഇടയലേഖനം പള്ളികളില്‍ വായിച്ചതോടെയാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അള്‍ത്താരകള്‍ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എറണാകുളത്ത് പ്രകടനം നടത്തിയ അവര്‍ ഇടയലേഖനത്തിന്റെ കോപ്പികള്‍ കത്തിക്കുകയും പകരം വിശ്വാസികളുടേതായ  അല്‍മായ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. വിശ്വാസിയുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല, ജനാധിപത്യ വ്യവസ്ഥിതിയെപ്പോലും  ഇത്തരം ആഹ്വാനങ്ങള്‍ അട്ടിമറിക്കുമെന്നും അവര്‍ ആരോപണമുന്നയിച്ചു. ഇതിനിടെയാണ്,  ഇടയലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് വ്യാപകമായി പരാതി ലഭിച്ചത്.

എന്നാല്‍, കെ.സി.ബി.സി ലീഗല്‍ സെല്‍ വിശദമായി ചര്‍ച്ച ചെയ്തശേഷമാണ് ഇടയലേഖനം തയാറാക്കിയതെന്നും അതിനാല്‍തന്നെ നിയമപരമായും തങ്ങളുടെ നിലപാട് ന്യായീകരിക്കാനാകുമെന്നുമാണ് കെ.സി.ബി.സി  നേതൃത്വത്തിന്റെ നിലപാട്. 

എം.കെ.എം. ജാഫര്‍

kadapadu madhyamam daily

Leave a Reply

Advertise Here
Advertise Here