Categorized | മറ്റിന൦

വെറും ചിരിയെ എങ്ങനെ ധ്യാനമാക്കാം

Posted on 30 July 2010 by admin

മനുഷ്യമനസിനെ വളരെ പെട്ടെന്ന്‌ സ്വാധീനിക്കുന്ന ഒന്നാണ്‌ ചിരി. മറ്റു പല വികാരങ്ങളും മനുഷ്യമനസ്സിലേക്കിറങ്ങി അവന്റെ സത്തയെ സ്വാധീനിക്കാന്‍ കുറച്ച്‌ സമയമെടുക്കും.

എന്നാല്‍ ചിരി പ്രത്യേകിച്ചും പൊട്ടിച്ചിരി അങ്ങനെയല്ല. ഒരു പടക്കം പൊട്ടിയാല്‍ എത്ര പൊടുന്നനെ നമ്മില്‍ ഒരു പ്രതിപ്രവര്‍ത്തനം നടക്കുന്നുവോ അത്ര പെട്ടെന്ന്‌ തന്നെ ചിരി നമ്മില്‍ ആവേശിക്കുന്നു.

പലപ്പോഴും ധ്യാനം അല്ലെങ്കില്‍ ധ്യാനാവസ്ഥ സംഭവിക്കുന്നത്‌ വളരെ പെട്ടെന്നായിരിക്കുകയും ചെയ്യും. നമ്മള്‍ സാമാന്യമായി ധരിച്ചിരിക്കുന്നതുപോലെ എല്ലാ ധ്യാനാവസ്ഥയും മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനംകൊണ്ട്‌ സംഭവിക്കുന്നതല്ല.

ചിരിക്കുന്ന ബുദ്ധനെക്കുറിച്ച്‌ ജപ്പാനിലും ചൈനയിലും പ്രചാരത്തിലുള്ള ഒരു കഥയുണ്ട്‌. അദ്ദേഹത്തിന്റെ പേര്‌ “ഹോ-ടെയ്‌” എന്നായിരുന്നു. ആ സന്ന്യാസി തന്റെ ജീവിതത്തിലുടനീളം തന്റെ ശിഷ്യന്മാര്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കിയിരുന്ന ഉപദേശം നന്നായി ചിരിക്കുക എന്നത്‌ മാത്രമായിരുന്നു.

ആ പ്രബുദ്ധനായ ബുദ്ധഭിക്ഷു മറ്റൊന്നും തന്നെ സംസാരിച്ചിരുന്നില്ല. ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗ്ഗം. ഏതെങ്കിലും ഫലിതം പറഞ്ഞായിരുന്നില്ല അദ്ദേഹം ചിരിച്ചിരുന്നതും മറ്റുള്ളവരെ ചിരിപ്പിച്ചിരുന്നതും.

സാമാന്യ ജനത്തിന്‌ ചിരിക്കണമെങ്കില്‍ ഫലിതം ആവശ്യമാണ്‌. ഏത്‌ തരം ഫലിതമായാലും അത്‌ നല്ലതോ ചീത്തയോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ അതൊന്നും അവര്‍ക്ക്‌ വിഷയമല്ല. ഫലിതം കേട്ട്‌ മാത്രം ചിരിക്കല്‍ അത്‌ മനഃശാസ്ത്രപരമായിത്തന്നെ അല്‍പ്പം താഴ്‌ന്ന പടിയാണ്‌.

ഹോ-ടെയും ശിഷ്യരും എപ്പോഴും സഞ്ചരിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളില്‍നിന്ന്‌ ഗ്രാമങ്ങളിലേക്ക്‌. പട്ടണങ്ങളില്‍നിന്ന്‌ പട്ടണങ്ങളിലേക്ക്‌. പക്ഷേ എവിടെച്ചെന്നാലും ഹോ-ടെയ്‌ ചെയ്തിരുന്ന ഒരേ ഒരു കാര്യം ചിരിക്കുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ചിരി മറ്റുള്ളവരിലേക്ക്‌ അവരറിയാതെ തന്നെ സംക്രമിക്കുമായിരുന്നു.

ക്രമേണ അദ്ദേഹത്തിന്‌ ചുറ്റും കൂടിയവരൊക്കെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങും. ഒരു കാരണവുമില്ലാതെ തന്നെ. അതെ, തീര്‍ച്ചയായും അതൊരു ധ്യാനാവസ്ഥയാണ്‌. എന്തെങ്കിലും കാരണംകൊണ്ടുമാത്രമേ നിങ്ങള്‍ക്ക്‌ ചിരിക്കാന്‍ സാധിക്കൂ എങ്കില്‍ ആ ചിരിക്ക്‌ ഇത്രയും ശുദ്ധതയും നൈര്‍മല്യവും ഉണ്ടായിരിക്കില്ല. അതില്‍ കുറച്ചെങ്കിലും കൃത്രിമത്തവും മാലിന്യവും കലര്‍ന്നിരിക്കും.

എന്നാല്‍ വെറും ചിരി-ഹോ-ടെയുടെ ചിരി-അത്‌ നിങ്ങളെ അടിമുടി നിര്‍മലനാക്കുന്നു. ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ ധ്യാനാവസ്ഥ തന്നെയാണ്‌. കാരണം, നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന അത്രയും നേരത്തെക്കെങ്കിലും നിങ്ങളുടെ മനസ്‌ എന്ന പ്രതിഭാസം നിലച്ചിരിക്കുകയായിരിക്കും. കാരണം മനസ്‌ മാനുഷികമാണ്‌. നൂറു ശതമാനവും മസ്തിഷ്കപരവും. എന്നാല്‍ ആഴത്തിലുള്ള ചിരി മാനുഷികമല്ല താനും. നിങ്ങള്‍ക്ക്‌ ചിരിക്കുകയും ചിന്തിക്കുകയും ഒപ്പം ചെയ്യാനാവുമോ? ശ്രമിച്ചു നോക്കൂ. സാധിക്കില്ല.

ഒന്നുകില്‍ ചിരിക്കാം. അല്ലെങ്കില്‍ ചിന്തിക്കാം. രണ്ടു കൂടെ അസാധ്യമാണെന്ന്‌ കാണാം. ധ്യാനാവസ്ഥ പ്രാപിക്കുവാുള്ള അനേകം എളുപ്പവഴികളില്‍ ഒന്നായിരിക്കട്ടെ നിങ്ങളുടെ ചിരി.

സുനില്‍ ആന്റണി
kadapadu janmabhumidaily

Leave a Reply

Advertise Here
Advertise Here