Categorized | മറ്റിന൦

കാരാട്ടിനു വിനയായത് ലോകപ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകന്റെ ലേഖനം

Posted on 05 March 2010 by admin

ലണ്ടന്‍: ലോകപ്രശസ്ത കമ്യൂണിസ്റ്റ് ചിന്തകന്‍ എഴുതിയ ലേഖനം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിനും പാരയായി. തെരഞ്ഞെടുപ്പിനു മുമ്പേ ബംഗാളില്‍ തോല്‍വി സമ്മതിച്ച കാരാട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. ലോകപ്രശസ്തമായ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’ മാസികയുടെ പുതിയ ലക്കത്തില്‍ ബ്രിട്ടനിലെ പ്രമുഖ ഇടതുപക്ഷ ചിന്തകനായ എറിക് ഹോബ്സ്ബാം എഴുതിയ ലേഖനത്തിലാണ് കാരാട്ടിന്റെ പ്രസ്താവന കടന്നുകൂടിയത്.

‘സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടുത്തിടെ എന്നോടു പറഞ്ഞത് പാര്‍ട്ടി ബംഗാളില്‍ തരിപ്പണമായി എന്നാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം ഉറപ്പാണെന്ന് അദ്ദേഹം എന്നോടു സമ്മതിച്ചു’ എന്നാണ് എറിക് ഹോബ്സ്ബാം എഴുതിയിരിക്കുന്നത്. മുപ്പതു വര്‍ഷമായി ബംഗാള്‍ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന കാരാട്ടിന്റെ അഭിപ്രായപ്രകടനം വലിയ വിവാദമായതോടെ ഇന്നലെ അദ്ദേഹം അതു നിഷേധിച്ചു. ഏതാനും മാസം മുമ്പ് ടെലിഫോണില്‍ അല്‍പനേരം മാത്രമാണ് താന്‍ എറിക് ഹോബ്സ്ബാമുമായി സംസാരിച്ചത്. ലേഖനത്തില്‍ ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് നടത്തിയിരിക്കുന്ന എല്ലാ പരാമര്‍ശങ്ങളും ഹോബ്സ്ബാമിന്റേതു മാത്രമാണെന്നും താന്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെന്നും കാരാട്ട് വിശദീകരിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികളില്‍നിന്ന് വളരെ മോശമായ തിരിച്ചടി കിട്ടുമെന്ന് ബംഗാളിലെ കമ്യൂണിസ്റ്റുകാര്‍ പറയുന്നതായി ഹോബ്സ്ബാം വിശദീകരിക്കുന്നു. കര്‍ഷകരില്‍നിന്ന് ഭൂമി തട്ടിയെടുത്തുള്ള വ്യവസായവത്കരണ നയം പാര്‍ട്ടിക്ക് കനത്ത പ്രത്യാഘാതം ഉണ്ടാക്കി. ഇന്ന് നിലനില്‍ക്കുന്ന എല്ലാ ഇടതുപക്ഷ സര്‍ക്കാറുകളെയുംപോലെ സ്വകാര്യവികസനം ഉള്‍പ്പെടെയുള്ള നയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ബംഗാള്‍ സര്‍ക്കാറും തയാറായി. അത് ഇത്തരത്തിലുള്ള നാടകീയ തിരിച്ചടികള്‍ ഉണ്ടാക്കും. ഹോബ്സ്ബാം ചൂണ്ടിക്കാട്ടി.

ബംഗാളിലെ സി.പി.എമ്മിന്റെ തിരിച്ചടിക്ക് രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

‘ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും പാവങ്ങള്‍ക്കിടയിലും മധ്യവര്‍ഗവിഭാഗങ്ങള്‍ക്കിടയിലും പാര്‍ട്ടിക്ക് പിന്തുണ നഷ്ടപ്പെട്ടിട്ടുണ്ട്. സാധാരണക്കാരെ നേരിട്ടുബാധിക്കുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു’ ^ ഹോബ്സ്ബാം പറയുന്നു.

kadapadu madhyamdaily
ജയിംസ് പുതുക്കുളം

Leave a Reply

Advertise Here
Advertise Here