Categorized | മറ്റിന൦

ഇന്നസെന്റ്‌ പേരു പോലെ വിഡ്‌ഢി: അഴീക്കോട്‌‍‍

Posted on 26 February 2010 by admin

കോഴിക്കോട്: സ്വന്തം പേര് അന്വര്‍ഥമാക്കിയ നടനാണ് ഇന്നസെന്റെന്ന് സുകുമാര്‍ അഴീക്കോട്. ‘അമ്മ പ്രസിഡന്റ് ഇന്നസെന്റ് നടത്തിയ പത്രസമ്മേളനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നസെന്റ് എന്ന പേരിന് വിവരമില്ലാത്തവന്‍, അറിവു കുറഞ്ഞവന്‍ എന്നിങ്ങനെ നിഘണ്ടുവില്‍ അര്‍ഥമുണ്ട്. യാതൊരു വിവരവുമില്ലാത്ത കലാകാരനാണ് ഇന്നസെന്റ്. രാമനാമം വൃദ്ധന്‍മാര്‍ക്കു മാത്രമുള്ളതാണെന്ന് അദ്ദേഹം ധരിച്ചുവച്ചിരിക്കുകയാണ്. ഭക്തി സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് പൊട്ട അറിവാണ്. തന്റെ ഭാഷ മോശമാണെന്ന് പറയുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്നസെന്റ്. പതിറ്റാണ്ടുകളായി മലയാളം പഠിപ്പിക്കുന്ന, 40-ഓളം പുസ്തകമെഴുതുകയും ചെയ്ത തന്നെയാണ് ഇന്നസെന്റ് തിരുത്താന്‍ ശ്രമിക്കുന്നതെന്നും അഴീക്കോട് പറഞ്ഞു. ഇന്നസെന്റിന് പേരില്‍ മാത്രമാണ് നിഷ്‌കളങ്കതയുള്ളത്. ഇത്രമാത്രം പകയോടെ പെരുമാറുന്ന ഒരാളെ താന്‍ കണ്ടിട്ടില്ല. അയാളെ ഒരിക്കലും ഇന്നസെന്റെന്ന് വിളിക്കാന്‍ കഴിയില്ലെന്നും അഴീക്കോട് പറഞ്ഞു.

മോഹന്‍ലാല്‍ തന്നെ മോശമായി അഭിസംബോധന ചെയ്‌തെന്നും സുകുമാര്‍ അഴീക്കോട്‌ ആരോപിച്ചു. സഹോദരന്‍ പ്യാരീലാലിന്റെ സ്വത്ത്‌ മോഹന്‍ലാല്‍ തട്ടിയെടുത്തെന്ന്‌ ഈയിടെ വിവരം ലഭിച്ചു. അത്‌ തെറ്റാണെങ്കില്‍ മാപ്പ്‌ ചോദിക്കാന്‍ തയാറാണ്‌. പ്രായത്തിന്‌ അനുസരിച്ച വേഷം ലാല്‍ സ്വീകരിക്കണമെന്നു മാത്രമാണ്‌ താന്‍ ആവശ്യപ്പെട്ടത്‌. ലാലിന്റെ തലമുടി വിഗ്‌ ആണെന്ന്‌ അദ്ദേഹത്തെ ആരാധിക്കുന്ന പെണ്‍കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ അറിയിക്കുക മാത്രമാണ്‌ താന്‍ ചെയ്‌തത്‌. പലരും അദ്ദേഹത്തിന്റെ തലമുടി യഥാര്‍ത്ഥമാണെന്ന്‌ ധരിച്ചുവച്ചിരിക്കുകയാണ്‌. ഈ സത്യം ലോകത്തെ അറിയിക്കുകയെന്ന അപരാധം മാത്രമാണ്‌ താന്‍ ചെയ്‌തതെന്നും അഴീക്കോട്‌ പരിഹസിച്ചു. അശോക്‌ കുമാര്‍ മഹാനായ നടനാണ്‌. വൃദ്ധനായ ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നൃത്തവും ചെയ്‌തിരുന്നു. എന്നാല്‍ ഇത്‌ വൃദ്ധന്‍മാര്‍ക്കു ചേരുന്ന തരത്തിലുള്ളതായിരുന്നു. കുങ്കുമം ചുമക്കുന്ന കഴുതയാണ്‌ മോഹന്‍ലാലെന്നും അഴീക്കോട്‌ ആരോപിച്ചു. യൗവ്വനം നഷ്‌ടപ്പെട്ട വൃദ്ധനാണ്‌ മോഹന്‍ലാല്‍. അദ്ദേഹം വൃദ്ധനായി നടക്കണം. അല്ലാതെ യൗവ്വനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്‌. വിഗില്ലാതെ മോഹന്‍ലാല്‍ നടന്നാല്‍ താന്‍ അദ്ദേഹത്തെക്കാളും സുന്ദരനാണെന്ന്‌ പലര്‍ക്കും തിരുത്തിപ്പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്‌ഥം വഹിക്കാമെന്ന്‌ പറഞ്ഞിട്ടില്ല. അതിനുള്ള ക്ഷമയുള്ള ആളല്ല താന്‍. താന്‍ പറയാത്ത വാക്കുകള്‍ തന്റെ വായില്‍ തിരുകുകയാണെന്നും അഴീക്കോട്‌ പറഞ്ഞു.

മമ്മൂട്ടിയും മോഹന്‍ലാലും വടവൃക്ഷം പോലെയാണ്‌. മറ്റു ചെറിയ മരങ്ങളെ വളരാന്‍ ഈ വടവൃക്ഷങ്ങള്‍ അനുവദിക്കില്ല. തമിഴില്‍ പോയി കീര്‍ത്തി നേടിയതിനാലാണ്‌ മലയാളത്തില്‍ പൃഥ്വിരാജിന്‌ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നത്‌. ഇന്നസെന്റിനെ പോലൊരാളെ രംഗത്തിറക്കേണ്ടിവന്നത്‌ മോഹന്‍ലാലിന്റെ ഗതികേടാണ്‌ കാട്ടിത്തരുന്നതെന്നും അഴീക്കോട്‌ പരിഹസിച്ചു. തന്നെ പറഞ്ഞാല്‍ താന്‍ മറുപടി പറയുമെന്നും അഴീക്കോട്‌ മുന്നറിയിപ്പ്‌ നല്‍കി.

Leave a Reply

Advertise Here
Advertise Here