ജിദ്ദ: നാട്ടിലെ ഓരോ സ്‌പന്ദനങ്ങളോടും അപ്പപ്പോള്‍ പ്രതികരിക്കുന്ന പ്രവാസ ലോകത്തിലെ മലയാളികള്‍ക്ക് ഇന്നലെ ഉദ്വേഗത്തിന്റെയും ദുഃഖത്തിന്റെയും നെഞ്ചിടിപ്പിന്റെയും മണിക്കൂറുകളായിരുന്നു. അബ്ദുന്നാസര്‍ മഅ്ദനി ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം എന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങളില്‍നിന്ന് മനസ്സിലാക്കിയിരുന്നുവെങ്കിലും ഇന്നലെ ഉച്ചക്ക് ശേഷം അദ്ദേഹത്തിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടതോടെ പലരും ടെലിവിഷന് മുന്നിലേക്ക് കുതിച്ചു. കേട്ടവര്‍ കേട്ടവര്‍ ‘അറസ്റ്റ് ചെയ്തു’ എന്ന് രണ്ട് വാക്കുകളിലൊതുങ്ങുന്ന സന്ദേശം പരസ്‌പരം മൊബൈലില്‍ കൈമാറുണ്ടായിരുന്നു.
അറസ്റ്റ് വരിക്കാന്‍ പോകുന്നതിന് മുമ്പ് അന്‍വാറുശേരി കോമ്പൗണ്ടിനകത്ത് നടന്ന വികാരഭരിതമായ രംഗങ്ങളും കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ട മഅ്ദനിയെ വന്‍ പൊലീസ് സന്നാഹം ഇരച്ചുകയറി അറസ്റ്റ് ചെയ്തതുമെല്ലാം റമദാന്റെ ചൂടില്‍ ഉദ്വേഗഭരിതമായ മണിക്കൂറുകളാണ് പ്രവാസികള്‍ക്ക് സമ്മാനിച്ചത്. നിയമം നടപ്പാക്കാനെന്ന പേരില്‍ നാട്ടില്‍ നടമാടുന്ന സംഘര്‍ഷഭരിതമായ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ പലര്‍ക്കും കടുത്ത ആഘാതം! മഅ്ദനി അന്‍വാറുശേരിയിലെ അനാഥകളെയും സ്വന്തം മക്കളെയും കെട്ടിപ്പിടിച്ച് യാത്ര പറയുന്ന രംഗം കണ്ടുനിന്ന പലരും ശറഫിയയിലെ ടി.വി കടക്ക് മുന്നില്‍ നിന്ന് കണ്ണ് തുടക്കുന്നുണ്ടായിരുന്നു. നിഷ്പക്ഷമതികളും രാഷ്ട്രീയ അതിപ്രസരമേല്‍ക്കാത്തവരും മഅ്ദനിയുടെ ഇന്നലത്തെ അനുഭവത്തില്‍ മനസറിഞ്ഞ് വേദനിച്ചപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല. നാട്ടില്‍ നടക്കുന്ന ഏത് ചെറിയ സംഭവങ്ങളോടും ഇവിടെ കിടന്ന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാറുള്ള കാക്കത്തൊള്ളായിരം പ്രവാസി സംഘടനകള്‍ ഇന്നലെ ഒരു തരം മരവിപ്പിലായിരുന്നു. ‘തനിമ’ സാംസ്‌കാരിക വേദിയും പി.ഡി.പിയുടെ പോഷക ഘടകമായ പി.സി.എഫും മാത്രമാണ് അറസ്റ്റില്‍ പ്രതിഷേധിച്ച് പത്രക്കുറിപ്പിറിക്കിയത്.
അതേസമയം, സാമാന്യജനം അതീവദുഃഖത്തോടെയാണ ് മഅ്ദനിയുടെ ജീവിതദുരന്തത്തോട് പ്രതികരിച്ചത്. ഒരു പതിറ്റാണ്ട് മുമ്പ് കോയമ്പത്തൂര്‍ പൊലിസിന് മഅ്ദനിയെ പിടിച്ചുകൊടുത്തത് പാതിരാനേരത്തായത് കൊണ്ട് നാടകീയരംഗങ്ങളൊന്നും ജനം അന്ന് കണ്ടിരുന്നില്ല. അവസാനം അദ്ദേഹം കോയമ്പത്തൂര്‍ ജയിലില്‍നിന്ന് കുറ്റവിമുക്തനായി വന്നപ്പോള്‍ രാഷ്ട്രീയനേതാക്കള്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറിപ്പറ്റാനും അദ്ദേഹത്തിന് സ്വീകരണം നല്‍കിയ തിരുവനന്തപുരം ശംഖ്മുഖത്തെ വേദിയില്‍ ഇടം കിട്ടാനും മല്‍സരിച്ച പരിഹാസ്യരംഗങ്ങളാണ് എല്ലാവരും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടത്. എന്നാല്‍, ബംഗളൂരു സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക പൊലിസിന് മഅ്ദനിയെ പിടിച്ചുകൊടുക്കാന്‍ സംസ്ഥാന പൊലീസ് കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി പെട്ട പാടും ഇന്നലെ നടന്ന നാടകീയ രംഗങ്ങളുമെല്ലാം ജനം നേരിട്ട് കണ്ടത് സ്വയം ഒരു നിഗമനത്തില്‍ എത്തിയാണ്. മാസങ്ങള്‍ക്ക് മുമ്പ് കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോഴുണ്ടായ വികാരപ്രകടനങ്ങളുടെ ആവര്‍ത്തനമായിരുന്നു എല്ലാവരുടെയും മുഖത്ത്. എന്നാല്‍ തങ്ങള്‍ തീര്‍ത്തും നിരപരാധിയാണെന്ന് കരുതുന്ന വികലാംഗനായ ഒരു പണ്ഡിതനെ റമദാന്റെ വ്രതനാളില്‍ അന്യസംസ്ഥാനത്തേക്ക് അറസ്റ്റ് ചെയ്തുകൊണ്ടുപോയ നടപടി ഭൂരിഭാഗത്തിന്റെ മനസ്സില്‍ വേദനയും ആശങ്കയും കോരിയിട്ടിട്ടുണ്ടെന്ന് പ്രതികരണങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. വാചാലമായ മൗനത്തിലായിരുന്നു പ്രവാസലോകമിന്നലെ. ഇതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളിലൂടെയായിരിക്കും കേരളത്തിന്റെ ഇനിയുള്ള സഞ്ചാരം.
കാസിം ഇരിക്കൂര്‍
kadapad madhyamam daily







